റോഡപകടം തടയുന്നതിനായി ഇനി 85 സ്‌ക്വാഡുകൾ.

റോഡപകടം തടയുന്നതിനായി ഇനി 85 സ്‌ക്വാഡുകൾ.

തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ 85 സ്‌ക്വാഡുകൾ നിരത്തിലിറങ്ങുന്നു. അപകടസാധ്യതയേറിയ മേഖലകളിലായിരിക്കും സ്‌ക്വാഡുകളുടെ സാന്നിധ്യം കൂടുതൽ ഉണ്ടാകുക. നിയമലംഘനങ്ങൾ കയ്യോടെ പിടികൂടുകയും അപകടങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ ചുമതല. ഇതിനായി ഗതാഗതവകുപ്പിൽ 262 പേരുടെ തസ്തിക സൃഷ്ടിക്കാൻ സർക്കാർ അംഗീകാരം നൽകി. രാത്രിയും പകലും സ്‌ക്വാഡിന്റെ സാന്നിധ്യം ഉണ്ടാകും.

ശബരിമല പാതയിൽ ഈ പദ്ധതി നടപ്പാക്കുകയും അത് ഫലപ്രദമായതിനെ തുടർന്നാണ് സംസ്ഥാനം മുഴുവനും ഇത് നടപ്പിലാക്കുന്നത്. നിലവിലെ 34 സ്‌ക്വാഡുകൾക്ക് പുറമെ 51 പുതിയ സ്‌ക്വാഡുകളാണ് വരുന്നത്. കാസർകോട്, വയനാട് ജില്ലകളിൽ രണ്ടു വീതവും മലപ്പുറത്ത് മൂന്നും മറ്റു ജില്ലകളിൽ നാലു വീതവും സ്‌ക്വാഡുകളെയാണ് രൂപീകരിക്കുന്നത്. 10 ആർ.ടി.ഒമാരുടെയും 65 മോട്ടോർ വാഹന ഇൻസ്പെക്ടർമാരുടെയും 187 അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടർമാരുടെയും തസ്തികകളാണ് സൃഷ്ടിക്കുന്നത്. സംസ്ഥാന തലത്തിൽ സ്‌ക്വാഡുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കൺട്രോൾ റൂമും ഒരുക്കും.