മകനെ വിമാനത്താവളത്തിൽ യാത്രയാക്കി മടങ്ങുന്നതിനിടെ അപകടം ; അമ്മയും ബന്ധുവും കാറപകടത്തിൽ മരിച്ചു ; ഗുരുതര പരിക്കേറ്റ രണ്ടുപേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട : മകനെ വിദേശത്ത് ജോലിക്കു വിടാൻ കൊച്ചി വിമാനത്താവളത്തിൽ പോയി മടങ്ങിയ കുടുംബത്തിലെ അമ്മയും ബന്ധുവും കാറപകടത്തിൽ മരിച്ചു. കാർ ഓടിച്ച കന്യാകുമാരി മേക്കമണ്ഡപം വാത്തിക്കാട്ടു വിളൈ എസ്.ബിപിൻ (30), കപ്പിക്കാട്ട് വ്ലാത്തിവിളൈ വസന്തി (58) എന്നിവരാണ് മരിച്ചത്.
വസന്തിയുടെ ഭർത്താവ് കപ്പിക്കാട്ട് വ്ലാത്തിവിളൈ സുരേഷ് (62), മേക്കമണ്ഡപം വിരലികാട്രു വിളൈ സിബിൻ (30) എന്നിവർക്ക് പരുക്കേറ്റു. സുരേഷിനെയും സിബിനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷിന്റെ പരുക്ക് ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇഞ്ചപ്പാറയ്ക്കു സമീപം ആറുമുക്ക് പാലം ഭാഗത്താണ് അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുനലൂർ ഭാഗത്തേക്കു പോയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ വലതുവശത്തെ ഇടിതാങ്ങിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിതാങ്ങി ഒടിഞ്ഞ് ഒരറ്റം കാറിന്റെ മുന്നിലെ ചില്ല് തകർത്ത് അകത്തേക്കു കയറി. ഇടിതാങ്ങിയുടെ കൂർത്ത ഭാഗം കഴുത്തിലേക്കു തുളച്ചുകയറിയ ബിപിൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി വസന്തിയും മരിച്ചു. ബാക്കിയുള്ളവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രഥമശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പരുക്കേറ്റ ഡ്രൈവർ സിബിനെ സുഹൃത്തായ ബിപിൻ വിളിച്ചുകൊണ്ടുവന്നതാണ്. തിരികെപ്പോകുമ്പോൾ ബിപിനാണ് വാഹനമോടിച്ചത്.
വസന്തിയുടെ മൂത്ത സഹോദരിയുടെ മകനായ ബിപിൻ 2018-20 വർഷത്തിൽ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ മിസ്റ്റർ കന്യാകുമാരിയും ട്രെയ്നറുമായിരുന്നു. വസന്തിയുടെ മകൻ സ്മിത്തിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രയയച്ച ശേഷം അവിടെ നിന്ന് നല്ല റോഡിലൂടെ പെട്ടെന്ന് സ്ഥലത്തെത്താനായാണ് സംഘം ഈ റൂട്ട് തിരഞ്ഞെടുത്തത്. മരിച്ച വസന്തിയുടെയും ബിപിന്റെയും മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ.