“മര്‍ദ്ദനം സഹിക്കാം, കുത്തുവാക്കുകള്‍ സഹിക്കാനാകില്ല”; മരിക്കാന്‍ പോകുന്നുവെന്ന് ഭര്‍ത്താവിന് സന്ദേശം അയച്ചു; പുലര്‍ച്ചെ കണ്ടത് മൂന്ന് പേരുടെയും മൃതദേഹം; ജീവനൊടുക്കും മുൻപ് സഫ്‍വ ഭര്‍ത്താവിനയച്ച സന്ദേശം പുറത്ത്; അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും ഭര്‍തൃവീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ഭര്‍തൃവീട്ടിലെ പീഡനമെന്ന് യുവതിയുടെ കുടുംബം
സ്വന്തം ലേഖിക
മലപ്പുറം: കല്‍പകഞ്ചേരിയില്‍ അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും ഭര്‍തൃവീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ഭര്‍തൃവീട്ടിലെ പീഡനമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം.
മാനസിക ശാരീരിക പീഡനങ്ങളെക്കുറിച്ചുള്ള ശബ്ദ സന്ദേശം യുവതി അയച്ചിരുന്നെന്ന് സഹോദരന്‍ പറഞ്ഞു. വൈകിയാണ് തങ്ങളെ മരണവിവരം അറിയിച്ചതെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
26 വയസുള്ള സഫ്‍വയെ തൂങ്ങിമരിച്ച നിലയിലും മക്കളായ നാലു വയസ്സുകാരി ഫാത്തിമ മര്‍സീഹയെയും ഒരു വയസ്സുള്ള മറിയത്തെയും കിടപ്പു മുറിയിലും മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തിലാണ് കുടുംബം ആരോപണവുമായി രംഗത്തെത്തിയത്.
കല്‍പഞ്ചേരി ചെട്ടിയാന്‍ കിണറിലുള്ള ഭര്‍തൃവീട്ടിലായിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
താന്‍ ഇന്നലെ മറ്റൊരു മുറിയിലാണ് കിടന്നതെന്നും പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നുമാണ്
ഭര്‍ത്താവ് റഷീദലിയുടെ വിശദീകരണം.
എന്നാല്‍ പുലര്‍ച്ചെ സഫ്‍വ ഭര്‍ത്താവിന് സന്ദേശം അയച്ചിരുന്നെന്നും ഇതില്‍ ഭര്‍ത്താവ് മര്‍ദ്ദിച്ചതായി സൂചനയുണ്ടെന്നും സഹോദരന്‍ ആരോപിച്ചു. ‘മര്‍ദ്ദനം സഹിക്കാം കുത്തുവാക്കുകള്‍ സഹിക്കാനാകില്ല’ എന്ന സന്ദേശം സഫ്‍വയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയെന്നും സഹോദരന്‍ തസ്‍ലിം പറഞ്ഞു.
മരണവിവരം നാലു മണിക്ക് റഷീദലി അറിഞ്ഞെങ്കിലും തങ്ങളെ വൈകിയാണ് വിവരം അറിയിച്ചതെന്ന ആരോപണവും സഫ്‍വയുടെ കുടുംബം ഉന്നയിക്കുന്നു. ഇന്നലെ ഭര്‍ത്താവിന്റെ സഹോദരി ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലുണ്ടായിരുന്നു.
രണ്ട് പെണ്‍കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സഫ്‍വ ആത്മഹത്യ ചെയ്തു എന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും സത്യാവസ്ഥ പുറത്തെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സംഭവത്തില്‍ സഫ്‍വയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ താനൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.