കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍ ; മരണകാരണം വ്യക്തമല്ല ; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
തൃശൂര്‍: കാഞ്ഞാണിയില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും മരിച്ചനിലയില്‍. മണലൂര്‍ സ്വദേശി കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര വയസ്) എന്നിവരുടെ മൃതദേഹം കാക്കമാട് പ്രദേശത്തെ പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ഇവരുടെ ഐഡി കാര്‍ഡ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്കാണ് ഇവരെ കാണാതായത്. ഉച്ചയ്ക്ക് രണ്ടരമണിക്ക് ഭര്‍തൃഗൃഹത്തിലേക്ക് പുറപ്പെട്ട ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. ഇതുസംബന്ധിച്ച് അന്തിക്കാട് സ്വദേശി അഖില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ഞാണിയിലെ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയാണ് കൃഷ്ണപ്രിയ. ഭര്‍തൃഗൃഹത്തിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് കുഞ്ഞിനെയും കൂട്ടി കൃഷ്ണപ്രിയ സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിയത്. രാത്രിയായിട്ടും ഇരുവരും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് അന്തിക്കാട് പൊലീസില്‍ പരാതി നല്‍കിയത്
ഇന്ന് രാവിലെ നടക്കാന്‍ പോകുന്നവരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.