മൂവാറ്റുപുഴയിൽ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും അഞ്ചുപവനും രണ്ടുലക്ഷം രൂപയും മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ; പിടിയിലായത് ഏറ്റുമാനൂർ, കുറവിലങ്ങാട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി കേസുകളിലെ പ്രതി
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: പള്ളിപ്പടിയില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും അഞ്ചുപവനും രണ്ടുലക്ഷം രൂപയും മോഷ്ടിച്ച പ്രതിയെ പിടികൂടി പൊലീസ്. കോതമംഗലം കോട്ടപ്പടി പരുത്തലില്‍ രാജന്‍ രാജമ്മ (45) ആണ് പിടിയിലായത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മൂവാറ്റുപുഴ പള്ളിപ്പടിയില്‍ ഗൃഹനാഥന്‍ വീടുപൂട്ടി താക്കോല്‍ വീടിന്റെ പിറകില്‍ പിന്‍വശത്ത് കലത്തിനടിയില്‍ സൂക്ഷിക്കുന്നത് മനസ്സിലാക്കി അകത്തുകയറി മോഷണം നടത്തിയത്. പ്രതി വിറ്റ സ്വര്‍ണവും പോലീസ് കണ്ടെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂര്‍, കുറവിലങ്ങാട്, പോത്താനിക്കാട്, ഊന്നുകല്‍, കോതമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ മോഷണം, പിടിച്ചുപറി കേസുകളിലെ പ്രതിയാണ് രാജന്‍. പെയിന്റിങ്, വിവിധ നിര്‍മാണങ്ങള്‍ എന്നിവ നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് തൊഴിലാളിയാണെന്ന വ്യാജേന കൂടിയാണ് മോഷണം നടത്തിയിരുന്നത്.
മോഷണംനടന്ന സ്ഥലത്തും പരിസരത്തും നിരവധി ആളുകളെ നേരില്‍കണ്ടുചോദിച്ചും 50-ഓളം സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചും സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരെ രഹസ്യമായി നിരീക്ഷിച്ചതിനും ശേഷമാണ് പ്രതിയെ കണ്ടെത്തിയത്. തിരിച്ചറിഞ്ഞ പ്രതിയെ രഹസ്യമായി നിരീക്ഷിച്ചതിനുശേഷമാണ് തെളിവുകളോടെ പിടികൂടിയത്.
പ്രത്യേക അന്വേഷണസംഘത്തില്‍ എസ്.ഐ.മാരായ മാഹിന്‍ സലിം, കെ.എസ്. ജയന്‍, കെ.കെ. രാജേഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.എസ്. ജോജി, പി.സി. ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിബില്‍ മോഹന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.