മോന്‍സന്‍ മാവുങ്കലിനെതിരായ പോക്സോ കേസ്; ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
സ്വന്തം ലേഖിക
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്സോ കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.
അറസ്റ്റിലായി 60 ദിവസം ആകുന്നതിന് മുന്‍പാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മോൻസനെതിരായ ആദ്യ കുറ്റപത്രമാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറ്റപത്രത്തില്‍ മോന്‍സണ്‍ മാവുങ്കലിനെ മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. നാളെ മോൻസണ്‍ അറസ്റ്റില്‍ ആയി 60 ദിവസം തികയുകയാണ്.
മോന്‍സണ്‍ പ്രതിയായ മറ്റ് മൂന്ന് പീഡന കേസുകളില്‍ കൂടി അന്വേഷണം പുരോഗമിക്കുകയാണ്.
അതിനിടെ, മോന്‍സണ്‍ കേസില്‍ ക്രൈംബ്രാഞ്ചും എന്‍ഫോഴ്സ്മെന്‍റും സഹകരിച്ചു അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്ര സംസ്ഥാന വിഷയമായി അന്വേഷണത്തെ കാണരുതെന്ന് നിര്‍ദ്ദേശിച്ച കോടതി, ഐജി ലക്ഷ്മണന് എതിരെ കേസെടുത്തോ എന്നും സര്‍ക്കാരിനോട് ചോദിച്ചു.
ഐ ജി ലക്ഷ്മണയ്ക്കെതിരെ നിലവില്‍ കേസ് എടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുമ്പോള്‍ തെളിവുകള്‍ കിട്ടിയാല്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മോന്‍സന്‍ കേസില്‍ ഫേസ്ബുക്കിലൂടെ ഹൈക്കോടതിയെ വിമർശിച്ച പെരുമ്പാവൂര്‍ മുന്‍ മജിസ്ട്രേറ്റ് എസ് സുദീപിനോട് ഈ മാസം 23ന് നേരിട്ട് ഹാജരാകാന്‍ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. മോന്‍സന്‍ കേസില്‍ ഹൈക്കോടതി അധികാര പരിധിവിട്ടെന്ന സുദീപിന്‍റെ വിമര്‍ശനത്തിലാണ് നടപടി.
മുന്‍ മജിസ്ട്രേറ്റിന് ഈ കേസില്‍ എന്തോ പ്രത്യേക താത്പര്യങ്ങളുണ്ടെന്നും മോന്‍സനെ സംരക്ഷിക്കാനാണോ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും കോടതി പറഞ്ഞു. ഇദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിക്കാനും നിര്‍ദേശം നല്‍കി.