‘കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തില്‍ തിരിഞ്ഞുനോക്കാത്തവരുണ്ടാകുമോ?… പഴയ കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി’; വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടതിന് പിന്നാലെ നന്ദി അറിയിച്ച് മോഹന്‍ലാല്‍
സ്വന്തം ലേഖകൻ
വിനീത് ശ്രീനിവാസന്‍ സംവിധാനവും തിരക്കഥയും ഒരുക്കിയ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയെ പ്രശംസിച്ച് നടന്‍ മോഹന്‍ലാല്‍. ഭാര്യ സുചിത്രയ്‌ക്കൊപ്പം സിനിമ കാണുന്ന ചിത്രവും ഒപ്പം സ്വന്തം കൈപ്പടയില്‍ ചിത്രത്തെക്കുറിച്ച് എഴുതിയ കുറിപ്പും മോഹന്‍ലാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. തന്നെയും സിനിമ പഴയകാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായും ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തില്‍ തിരിഞ്ഞുനോക്കാത്തവരുണ്ടാകുമോ?. എത്ര ചെറുതായാലും ശരി നേട്ടങ്ങള്‍ക്ക് നടുവില്‍ നിന്ന് അങ്ങിനെ തിരിഞ്ഞുനോക്കുമ്പോള്‍ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങള്‍ കാണാം’.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘വിനീത് ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ കണ്ടപ്പോള്‍ ഞാനും എന്റെ പഴയകാലങ്ങളിലേക്ക് പോയി. കഠിനമായ ഭൂതകാലത്തെ അതേതീവ്രതയോടെ പുനരാവിഷ്‌കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോള്‍ ഉണ്ടാകുന്ന ഊറിവരുന്ന ഒരു ചിരി ഈ സിനിമ കാത്തിവച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ എല്ലാപ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി’- മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സിനിമയ്ക്ക് തീയറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാടും വീടും ഉപേക്ഷിച്ച് സിനിമയെന്ന മോഹത്തിലേക്ക് സഞ്ചരിക്കുന്ന രണ്ട് യുവാക്കളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്മാന്‍ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നു.