ജനസാഗരത്തിന് നടുവിൽ മോദിയുടെ റോഡ് ഷോ ; പാലക്കാടൻ ചൂടിലും ആവേശം ചോരാതെ പ്രവർത്തകർ
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് വൻ ജനപങ്കാളിത്തം. രാവിലെ 10.20 ന് കോയമ്പത്തൂരില്‍ നിന്ന് പാലക്കാട് മേഴ്സി കോളേജ് മൈതാനത്തിലെത്തിയ മോദി റോഡ് മാർഗം അഞ്ചുവിളക്കിലെത്തി അവിടെ നിന്നും റോഡ് ഷോയില്‍ പങ്കെടുത്തു. റോഡിന് ഇരുവശവും പ്രവർത്തകരെ കൊണ്ടു നിറഞ്ഞു. പുഷ്പാലങ്കൃതമായ തുറന്ന വാഹനത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പാലക്കാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികള്‍ക്കൊപ്പമായിരുന്നു റോഡ് ഷോ.
ബിജെപി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പാലക്കാട്, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ചേർന്ന് മോദിയെ പാലക്കാട് സ്വീകരിച്ചു. റോഡ് ഷോയില്‍ പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു.
30 മിനിറ്റോളം റോഡ് ഷോ നടന്നു. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണ കുമാർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, മലപ്പുറം സ്ഥാനാർത്ഥി നിവേദിത സുബ്രഹ്‌മണ്യം തുടങ്ങിയവർ അദ്ദേഹത്തിനൊപ്പം റോഡ് ഷോയില്‍ പങ്കുചേർന്നു. 39 ഡിഗ്രി സെല്‍ഷ്യസ് ചൂടിലും ഉയർന്ന ആവേശത്തോടെയാണ് പ്രവർത്തകർ മോദിയെ സ്വീകരിച്ചത്. കേരളത്തിലേക്കുള്ള മോദിയുടെ വരവ് പ്രവർത്തകർക്കും തെരഞ്ഞെടുപ്പ് ആവേശം പകർന്നിരിക്കുകയാണ് റോഡ് ഷോയ്ക്ക് ശേഷം പ്രധാനമന്ത്രി തമിഴ്‌നാട്ടിലേക്ക് പോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group