സാക്ഷാൽ മോദിയെ കണ്ടു ; ബിജെപിയിൽ ചേരാൻ തനിക്ക് ക്ഷണം കിട്ടിയെന്ന് അബ്ദുള്ളകുട്ടി

സാക്ഷാൽ മോദിയെ കണ്ടു ; ബിജെപിയിൽ ചേരാൻ തനിക്ക് ക്ഷണം കിട്ടിയെന്ന് അബ്ദുള്ളകുട്ടി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മോദിയുടെ വികസന മാതൃകയെ പുകഴ്ത്തിയതിന്റെ പേരിൽ സി.പി.എമ്മിനും കോൺഗ്രസിനും അനഭിമതനായ എ.പി.അബ്ദുള്ളക്കുട്ടി ഉടൻ ബി.ജെ.പിയിൽ ചേരുമെന്ന് സൂചന. ഇന്ന് ഡൽഹിയിലെത്തിയ അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയിൽ ചേരാൻ തന്നോട് മോദി ആവശ്യപ്പെട്ടതായി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന യോഗാ ദിനത്തിൽ പങ്കെടുത്തതിന് തന്നെ പ്രധാനമന്ത്രി പ്രശംസിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ഡൽഹിയിലുള്ള അബ്ദുള്ളക്കുട്ടി ഉടൻ തന്നെ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെയും കാണും. എന്നാൽ എപ്പോഴാണ് അദ്ദേഹം ഔദ്യോഗികമായി ബി.ജെ.പിയിൽ ചേരുകയെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.നേരത്തെ തന്നെ അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന നേതൃത്വം സ്വാഗതം ചെയ്തിരുന്നു. എന്നാൽ ബി.ജെ.പിയിൽ എത്തിക്കഴിഞ്ഞാൽ അബ്ദുള്ളകുട്ടി കർണാടകത്തിൽ പ്രവർത്തിക്കണോ, അതല്ല കേരളത്തിൽ സജീവമാകണോ എന്നുള്ള കാര്യം അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ വ്യക്തമാക്കി. ബി.ജെ.പി ടിക്കറ്റിൽ അബ്ദുള്ളക്കുട്ടി ഉപതിരഞ്ഞെടുപ്പിൽ എവിടേയെങ്കിലും മത്സരിക്കുമോ എന്നും രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന മറ്റൊരു കാര്യമാണ്. അബ്ദുള്ളക്കുട്ടി മഞ്ചേശ്വരത്ത് മത്സരിക്കുമെന്ന് സൂചനകളുണ്ട്. അങ്ങനെയെങ്കിൽ അബ്ദുള്ളക്കുട്ടിയിലൂടെ ബി.ജെ.പി മഞ്ചേശ്വരത്ത് താമര വിരിയിക്കുമോ എന്നതും കണ്ടറിയേണ്ടതാണ്.