മോദി കേരളത്തില്‍ എത്തുമ്പോള്‍ റബറിന്‍റെ താങ്ങുവില 250 രൂപയാക്കി പ്രഖ്യാപനം നടത്തണം; കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് റബർ സംഭരിച്ച് വ്യാവസായിക ആവശ്യക്കാര്‍ക്കായി നല്‍കുന്ന സമ്പ്രദായം നിയമാനുസൃതമാക്കണം: ജോസ് കെ മാണി
സ്വന്തം ലേഖിക
കോട്ടയം: രാജ്യത്തെ സ്വാഭാവിക റബര്‍ ഉല്‍പാദനത്തിന്റെ 95 ശതമാനവും നടക്കുന്ന കേരളത്തില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ സ്വാഭാവിക റബറിന്‍റെ താങ്ങുവില 250 രൂപയാക്കിക്കൊണ്ടുളള പ്രഖ്യാപനം നടത്തണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ .മാണി ആവശ്യപ്പെട്ടു.
റബര്‍തോട്ടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ സ്വാഭാവിക റബറും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് സംഭരിച്ച് വ്യാവസായിക ആവശ്യക്കാര്‍ക്കായി നല്‍കുന്ന സമ്പ്രദായം നിയമാനുസൃതം നടപ്പാക്കണം. കേന്ദ്രസര്‍ക്കാര്‍ കുത്തക സംഭരണത്തിലൂടെ കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങുന്ന സ്വാഭാവിക റബര്‍ വാങ്ങിയിട്ടേ ടയര്‍ വ്യവസായികളെയും ഇതര ഉത്പാദകരെയും റബറും സിന്തറ്റിക് റബറും ഇറക്കുമതി ചെയ്യാന്‍ അനുവദിക്കാവൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ നയം കേന്ദ്ര സര്‍ക്കാര്‍ നയപരമായി നടപ്പാക്കിയാല്‍ മാത്രമേ റബര്‍ കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കു. കേന്ദ്രസര്‍ക്കാര്‍ നയങ്ങളാണ് റബര്‍ വിലയെ സ്വാധീനിക്കുന്നത്.
ഉത്തരേന്ത്യന്‍ നാണ്യവിളകളായ ചണവും പരുത്തിയും കാര്‍ഷിക വിളകളുടെ പട്ടികയിലുള്‍പ്പെടുത്തിയിട്ടും റബറിനെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ടാസ്‌ക് ഫോഴ്‌സ് ശുപാര്‍ശ ചെയ്തിട്ടും റബര്‍ കാര്‍ഷിക വിളയായി പ്രഖ്യാപിച്ചില്ല.
ഇതുമൂലം കൃഷിക്കാര്‍ക്ക് ലഭിക്കുന്ന നിരവധി ആനുകൂല്യങ്ങള്‍ റബര്‍ കര്‍ഷകര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇറക്കുമതി ചുങ്കത്തിലൂടെ കേന്ദ്ര സര്‍ക്കാരിന് ലഭിച്ച 2000 കോടി രൂപയോളം വരുന്ന വരുമാനത്തില്‍ നിന്നും 1000 കോടി രൂപ നല്‍കിയാല്‍ റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച തുകയും ചേര്‍ത്ത് റബറിന്റെ താങ്ങുവില കിലോക്ക് 250 രൂപയാക്കി ഉയര്‍ത്താനാവും.
കേരളത്തിലെ റബര്‍ കര്‍ഷകരെ സഹായിക്കാന്‍ കഴിയുന്ന ഇക്കാര്യം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒഴിവാക്കിയാല്‍ നിസ്സാരമായി പ്രധാനമന്ത്രിക്ക് ചെയ്യാന്‍ കഴിയുന്നതാണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.