നരേന്ദ്രമോദി തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി: ശബരിമലയിൽ നിന്നും വമ്പൻ വിജയം തേടി ബിജെപി; ലക്ഷ്യം കേരളത്തിൽ നിന്ന് 12 സീറ്റ്

നരേന്ദ്രമോദി തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി: ശബരിമലയിൽ നിന്നും വമ്പൻ വിജയം തേടി ബിജെപി; ലക്ഷ്യം കേരളത്തിൽ നിന്ന് 12 സീറ്റ്

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് വിജയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് മത്സരിക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന നേതൃത്വം. തിരുവനന്തപുരം സീറ്റ് പ്രധാനമന്ത്രിയ്ക്കായി വച്ചു നീട്ടിയിരിക്കുകയാണ് ബിജെപി നേതൃത്വം. പതിനഞ്ചിന് കൊല്ലം ജില്ലയിലെ റാലിയിൽ പങ്കെടുക്കാനെത്തുന്ന നരേന്ദ്രമോദിയ്ക്ക് മുന്നിൽ ബിജെപി സംസ്ഥാന നേതൃത്വം ഈ ആവശ്യം ഉന്നയിക്കും. മോദി തന്നെ നേരിട്ട് തിരുവനന്തപുരത്ത് മത്സരിച്ചാൽ പന്ത്രണ്ട് സീറ്റ് വരെ വിജയിക്കാനാവുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അവകാശ വാദം. ഇത് അടക്കം സംസ്ഥാനത്ത് പരിഗണിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടികയും ബിജെപി നേതൃത്വം അടുത്ത ദിവസം നരേന്ദ്രമോദിയ്ക്ക് കൈമാറും. തിരഞ്ഞെടുപ്പിനായി ഇതുവരെ നടത്തിയിരിക്കുന്ന ഒരുക്കങ്ങളും ശബരിമല സമരത്തിന്റെ വിലയിരുത്തലും യോഗത്തിലുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പിൽ കൃത്യമായ സ്ഥാനാർത്ഥി പട്ടിക ഉണ്ടാകണമെന്നും, ശബരിമലയിലെ സമരം വോട്ടാക്കി മാറ്റണമെന്നുമുള്ള കർശന നിർദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്നത്. മോദി അടക്കം നാല് സ്ഥാനാർത്ഥികളുടെ പേരുകളാണ് തിരുവനന്തപുരം മണ്ഡലത്തിന്റെ പ്രാഥമിക പട്ടികയിലുള്ളത്. ഏഷ്യാനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖർ, ടി.പി സെൻകുമാർ, ഐഎസ്ആർഒ മുൻ ചെയർമാൻ ഒ.മാധവൻ നായർ എന്നിവരുടെ പേരുകളാണ് തിരുവനന്തപുരം മണ്ഡലത്തിലേയ്ക്ക് മോദിയെ കൂടാതെ പരിഗണിക്കുന്നത്.
നരേന്ദ്രമോദി മത്സരിച്ചാൽ പാർട്ടിയ്ക്ക് ഇത് കൂടുതൽ ഊർജം നൽകുമെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. ഇത് കൃത്യമായി നരേന്ദ്രമോദിയെ അറിയിക്കുകയും ചെയ്യും. ഗുജറാത്തിലോ, യുപിയിലെ മറ്റേതെങ്കിലും സീറ്റിൽ സ്വാഭാവികമായും മോദി മത്സരിക്കും. ഈ കൂട്ടത്തിൽ കേരളത്തിലും മത്സരിച്ചാൽ പുത്തൻ ഉൺർവ് ലഭിക്കുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനാവുമെന്നുമാണ് കേരള ബിജെപി നേതൃത്വത്തിന്റെ അവകാശവാദം. മോദി മത്സരിച്ചാൽ ഗ്രൂപ്പ് പോര് ഇല്ലാതാക്കാമെന്നും, പരസ്പരം പാരവയ്ക്കുന്ന നേതാക്കളെ നിലയ്ക്ക് നിർത്താനാവുമെന്നുമാണ് പ്രതീക്ഷയെന്നുമാണ് ഇപ്പോൾ നേതൃത്വം കണക്ക് കൂട്ടുന്നത്.
ഇതിനിടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് അമിത്ഷായും മോദിയും നേരിട്ട് ചുക്കാൻ പിടിക്കുമെന്നാണ് സൂചന. ഇതിനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോൾ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ശബരിമല വിഷയത്തിൽ നിരീക്ഷണം നടത്താനും കൃത്യമായി പരിശോധനകൾക്കുമായി ബിജെപി കേന്ദ്ര നേതൃത്വം തന്നെ നേരിട്ട് ഇടപെട്ട് നിരീക്ഷണത്തിനായി നേതാക്കളെ അയച്ചതും. ഈ സാഹചര്യത്തിൽ ബിജെപി കൂടുതൽ കേരളത്തെ ശ്രദ്ധിക്കുന്നു എന്നു തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.