മിഷൻ അർജുൻ: കാലാവസ്ഥ അനുകൂലമെങ്കിൽ ഡ്രഡ്ജർ ഉപയോഗിച്ച് അടുത്തയാഴ്ച തിരച്ചിൽ ആരംഭിക്കും
കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിന് ഗോവയിൽനിന്നുള്ള ഡ്രഡ്ജർ അടുത്ത ആഴ്ച എത്തിക്കും. ഡ്രഡ്‌ജർ കമ്പനിയും ഉത്തരകന്നഡ ജില്ലാ ഭരണകൂടവും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം ഡ്രഡ്ജർ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലെ കാലാവസ്ഥ ഡ്രഡ്ജിങ് നടത്തുന്നതിന് അനുകൂലമല്ലെന്നും മറ്റു പരിശോധനകളെല്ലാം പൂർത്തിയായെന്നും ഡ്രഡ്ജിങ് കമ്പനി അറിയിച്ചു. കടലിലൂടെയും പുഴയിലൂടെയും ഡ്രഡ്ജർ എത്തിക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും അടുത്ത ആഴ്ചയോടെ സാഹചര്യം അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി പറഞ്ഞു.
പ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ അടിയൊഴുക്ക് കൂടിയിട്ടുണ്ട്. ഉത്തര കന്നഡ ജില്ലയിൽ ഈ ആഴ്ചയും അടുത്ത ആഴ്‌ചയും കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പും ഉണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാല് മീറ്റർ വരെ ആഴത്തിൽ തിരച്ചിൽനടത്താൻ ഡ്രഡ്ജറിന് സാധിക്കും. പുഴയുടെ അടിത്തട്ടിലെ മണ്ണും കല്ലും നീക്കിയാൽ മാത്രമേ തിരച്ചിൽ സാധ്യമാകൂവെന്ന് നാവികസേന അറിയിച്ചിരുന്നു.