play-sharp-fill
കത്തെഴുതിവച്ചശേഷം നാടുകാണാനിറങ്ങി ; മണിക്കൂറുകള്‍ക്ക്‌ ശേഷം ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തി; നാടിനേയും വീട്ടുകാരേയും മണിക്കൂറുകൾ പരിഭ്രാന്തിയിലാക്കി വിദ്യാർത്ഥികൾ

കത്തെഴുതിവച്ചശേഷം നാടുകാണാനിറങ്ങി ; മണിക്കൂറുകള്‍ക്ക്‌ ശേഷം ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തി; നാടിനേയും വീട്ടുകാരേയും മണിക്കൂറുകൾ പരിഭ്രാന്തിയിലാക്കി വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: അയല്‍വാസികളായ രണ്ടു കുട്ടികള്‍ നാടുകാണാനെന്ന് കത്തെഴുതി വച്ച് വീടുവിട്ടിറങ്ങിയത് പരിഭ്രാന്തി പരത്തി. മണിക്കൂറുകള്‍ക്ക്‌ ശേഷം ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇവരെ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി ആനക്കല്ല്‌ മേഖലയിലുള്ള 13,11 വയസുള്ള രണ്ട് ആണ്‍കുട്ടികളാണ്‌ കത്തെഴുതി വച്ച ശേഷം നാടുകാണാനിറങ്ങിയത്‌. ട്രെയിനിൽ ആദ്യമായി കയറണമെന്നുള്ള ആഗ്രഹമായിരുന്നു ഇവര്‍ എഴുതിയ കത്തിലുണ്ടായിരുന്നത്‌. അഞ്ചു വര്‍ഷം കഴിഞ്ഞേ തിരിച്ചെത്തൂവെന്നും കത്തില്‍ എഴുതിയിരുന്നു.


വീടിനു സമീപം കളിക്കാന്‍ പോയ കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വരാതെയിരുന്നതിനെത്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ കത്ത്‌ കണ്ടെത്തിയത്‌. ഉടന്‍ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുക്കളും നാട്ടുകാരും പോലീസും ചേര്‍ന്ന്‌ മേഖലയിലെല്ലാം തിരക്കിയിറങ്ങി. പോലീസ്‌ വയര്‍ലെസ്‌ സന്ദേശം കേരളമൊട്ടാകെ പരന്നു. സോഷ്യല്‍ മീഡിയകള്‍ വഴി കുട്ടികളുടെ ചിത്രം ഉള്‍പ്പെടെ പ്രചരിച്ചു.വൈകിട്ട്‌ നാലിന്‌ ചെങ്ങന്നൂര്‍ റെയില്‍വേ പോലീസിന്റെ സന്ദേശം കാഞ്ഞിരപ്പള്ളി സ്‌റ്റേഷനിലെത്തിയപ്പോഴാണ്‌ ഏവര്‍ക്കും ആശ്വാസമായത്‌.

ആനക്കല്ലില്‍ നിന്നും ബസില്‍ കോട്ടയത്ത്‌ എത്തിയ കുട്ടികള്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി ട്രെയിനില്‍ കയറി. ടിക്കറ്റെടുക്കാതെ എ. സി. കമ്പാര്‍ട്ടുമെന്റില്‍ ചെങ്ങന്നൂര്‍ വരെ യാത്ര ചെയ്‌തു.

ടിക്കറ്റ്‌ എക്‌സാമിനര്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയതോടെ റെയില്‍വേ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന്‌ പൊലീസ് ഇവരെ മാതാപിതാക്കൾക്കൊപ്പം അയച്ചു.