‘ആര്‍ത്തവചക്രത്തിലെ പ്രയാസപ്പെടുന്ന നാളുകളില്‍ ഇനി പെണ്‍കുട്ടികള്‍ വിശ്രമിക്കട്ടെ”; എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവ അവധി പരിഗണനയിലെന്ന് മന്ത്രി ബിന്ദു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടപ്പാക്കിയ ആര്‍ത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാന്‍ തീരുമാനം. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥി യൂണിയന്റെ ആവശ്യപ്രകാരമാണ് കുസാറ്റില്‍ ആര്‍ത്തവാവധി നല്‍കാന്‍ തീരുമാനിച്ചത്.
ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനം വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍ ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല കൊണ്ടുവന്നത്. ഇത് മറ്റു സര്‍വ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാര്‍ത്ഥിനികള്‍ക്ക് വലിയ ആശ്വാസമായിരിക്കും മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്‍ത്തവകാലം പലര്‍ക്കും വൈകാരിക വേലിയേറ്റങ്ങളുടെ കാലമാണ്. ദേഷ്യവും സങ്കടവുമൊക്കെ വന്നുകേറുന്ന ശാരീരികാസ്വാസ്ഥ്യങ്ങളുടേതുകൂടിയായ കാലം. ആ ദിനങ്ങളില്‍ പെണ്‍കുട്ടികള്‍ പ്രത്യേകിച്ച് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടും നന്നായി മനസ്സിലാക്കിയിട്ടുണ്ട്.ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക പ്രയാസങ്ങള്‍ കണക്കിലെടുത്ത് എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ എസ് എഫ് ഐ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ ആവശ്യമായുന്നയിച്ച് നേടിയെടുത്ത ആര്‍ത്തവാവധി മാതൃക സംസ്ഥാന വ്യാപകമാക്കും
ആദ്യമായാണ് കേരളത്തില്‍ ഒരു വിദ്യാഭ്യാസകേന്ദ്രം വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവാവധി നല്‍കിയിരിക്കുന്നത്. ഇതിനു മുന്‍കയ്യെടുത്ത വിദ്യാര്‍ത്ഥി യൂണിയനും തീരുമാനം കൈക്കൊണ്ട കുസാറ്റ് അധികൃതരും പ്രശംസ അര്‍ഹിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മുന്‍കൈയില്‍ നടന്നുവരുന്ന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ച ഒരു തുടര്‍ച്ചയുണ്ടാക്കാന്‍ വിദ്യാര്‍ത്ഥിനേതൃത്വവും സര്‍വ്വകലാശാലാനേതൃത്വവും യോജിച്ചു വിജയം കണ്ടതില്‍ ഏറ്റവും സന്തോഷമെന്നും മന്ത്രി പറഞ്ഞു.