play-sharp-fill
മന്ത്രിവാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടതിന് പാവം പൊലീസുകാരന് സസ്‌പെൻഷൻ: പണിയാക്കിയത് വയർലെസ് സെറ്റിലിരുന്ന പൊലീസുകാരൻ; മന്ത്രിയെ കുരുക്കിയതിനും പഴി പൊലീസിന്

മന്ത്രിവാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടതിന് പാവം പൊലീസുകാരന് സസ്‌പെൻഷൻ: പണിയാക്കിയത് വയർലെസ് സെറ്റിലിരുന്ന പൊലീസുകാരൻ; മന്ത്രിയെ കുരുക്കിയതിനും പഴി പൊലീസിന്

സ്വന്തം ലേഖകൻ

കൊല്ലം: സംസ്ഥാനത്ത് എന്തു സംഭവിച്ചാലും ഇപ്പോൾ പഴി പൊലീസിനാണ്. ലോക്കപ്പിൽ പ്രതിമരിച്ചാലും, വെള്ളപ്പൊക്കത്തിനും മന്ത്രിമാർക്ക് വഴി തെറ്റിയാലും വരെ പഴിയും പണിയും പൊലീസിനാണ്. ഏറ്റവും ഒടുവിൽ കൊല്ലത്തെ ട്രാഫിക്‌നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പൊലീസ് ഉ്‌ദ്യോഗസ്ഥനാണ് മന്ത്രിയുടെ പേരിൽ സസ്‌പെൻഷനിലായത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഗതാഗതക്കുരുക്കിൽപ്പെട്ടതിന്റെ പേരിലാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ സസ്‌പെൻഷനിൽ പോയത്.
സംഭവത്തിൽ പൊലീസിന് വീഴ്ച വന്നിട്ടില്ലെന്ന നിഗമനം ശക്തിപ്രാപിക്കുന്നതിന്നിടയിലാണ് എഎസ്ഐ അടക്കം മൂന്നു പൊലീസുകാർക്കെതിരെ സസ്‌പെൻഷൻ ഉണ്ടായിരിക്കുന്നത്. ശൂരനാട് സ്റ്റേഷനിൽ ജിഡി ചാർജ് ഉണ്ടായിരുന്ന സീനിയർ സിപിഒ ഹരിലാലിനെയും, പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിപിഒ രാജേഷിനെയും, റൂറൽ പൊലീസ് സ്‌പെഷൽ ബ്രാഞ്ചിലെ എഎസ്ഐ നുക്യുദീനെയുമാണ് സസ്‌പെന്റ് ചെയ്തത്.
. പത്തനംതിട്ടയിൽ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിയും ശൂരനാട്ടെ ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനത്തിന് എത്തിയ എസ്പി ഹരിശങ്കറുമാണ് വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കിൽ 10 മിനിറ്റോളം കുടുങ്ങിക്കിടന്നത്. പ്രശ്നത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും സുരക്ഷാവീഴ്ച വന്നിട്ടില്ലെന്ന് തന്നെയാണ് പൊലീസിനുള്ളിലെ വിലയിരുത്തൽ. മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു ചക്കുവള്ളി ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടെന്നാണ് കൊട്ടാരക്കര കൺട്രോൾ റൂമിൽ നിന്നും ശൂരനാട് പൊലീസിൽ അറിയിച്ചത്.


ചക്കുവള്ളി ജംഗ്ഷനിൽ ബ്ലോക്ക് ഉണ്ടെന്നു അറിഞ്ഞതോടെ ശൂരനാട് പൊലീസ് ചക്കുവള്ളി എത്തി. എന്നാൽ ചക്കുവള്ളി ജംഗ്ഷനിൽ ബ്ലോക്ക് ഉണ്ടായിരുന്നില്ല. ശൂരനാട് പൊലീസ് മടങ്ങി. എന്നാൽ ചക്കുവള്ളി ജംഗ്ഷനിൽ വീണ്ടും ബ്ലോക്ക് എന്ന് പറഞ്ഞു സ്റ്റേഷനിൽ വീണ്ടും സന്ദേശം എത്തി. അതോടെ വീണ്ടും ശൂരനാട് പൊലീസ് ചക്കുവള്ളി ജംഗ്ഷനിൽ എത്തി. അവിടെ ബ്ലോക്ക് ഇല്ല എന്ന് മനസിലാക്കി തിരിച്ചു വന്നു. എന്നാൽ മന്ത്രിയും സംഘവും കുടുങ്ങിക്കിടന്നത് മയ്യത്തുംകരയിലാണ്. അവിടെ ഒരു പള്ളിക്കടുത്ത് വിവാഹമുണ്ടായിരുന്നു. ഈ വിവാഹബ്ലോക്കിലാണ് മന്ത്രിയും സംഘവും കുടുങ്ങിയത്. ശൂരനാട് പൊലീസിന് ശരിയായ ശരിയായ വിവരം നൽകുന്നതിൽ കൊട്ടാരക്കര കൺട്രോൾ റൂമിനാണ് പിഴച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൺട്രോൾ റൂമിൽ നിന്നും നൽകിയ വിവരം അനുസരിച്ചാണ് ശൂരനാട് പൊലീസ് രണ്ടു തവണ ചക്കുവള്ളി എത്തി മടങ്ങിയത്. കൃത്യമായ വിവരം ശൂരനാട് പൊലീസിന് നൽകിയിരുന്നെങ്കിൽ മന്ത്രിയും സംഘവും ബ്ലോക്കിൽ കുടുങ്ങുമായിരുന്നില്ല. ലൊക്കേഷൻ പിഴച്ചപ്പോൾ പൊലീസുകാർ കുറ്റക്കാരും സസ്പെൻഷൻ അവരെ തേടി എത്തുകയും ചെയ്യുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ചീറിപ്പായലിനെതിരെ ജനരോഷം ഉയരുന്ന വേളയിലാണ് ചീറിപ്പായാൻ വഴിയൊരുക്കാത്തതിന്റെ പേരിൽ നിരപരാധികളായ പൊലീസുകാർക്ക് സസ്പെൻഷൻ വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു വേണ്ടി ഗതാഗതം തടഞ്ഞ പൊലീസ് രോഗികളുമായി പോയ രണ്ടു ആംബുലൻസുകളെ പോലും കടത്തിവിടാത്തതു തിരുവനന്തപുരം പിഎംജി ജംഗ്ഷനിൽ കഴിഞ്ഞ വാരം സംഘർഷത്തിൽ കലാശിച്ചിരുന്നു. മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ നിന്നു പുറപ്പെട്ടപ്പോൾ തന്നെ നന്ദൻകോട്, പിഎംജി ജംക്ഷൻ എന്നിവിടങ്ങളിൽ വാഹനങ്ങൾ പൊലീസ് തടഞ്ഞു. അതിനിടെയായിരുന്നു അത്യാസന്ന നിലയിലുള്ള രോഗികളുമായി ആംബുലൻസുകൾ എത്തിയത്.

പിഎംജി ജംക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ആംബുലൻസുകൾ കടത്തി വിടാൻ തയാറായില്ല. ഇതോടെ ജനം ഉടക്കി. പൊലീസും വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. നാട്ടുകാരെ വിരട്ടുകയും ചെയ്തു. കുറെ കഴിഞ്ഞു മുന്നിൽ പൈലറ്റ് ജീപ്പിന്റെയും പിന്നിൽ 3 അകമ്പടി വാഹനങ്ങളുടെയും കവചത്തിൽ മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയി. അപ്പോഴേക്കും വിലപ്പെട്ട 15 മിനിറ്റ് ആംബുലൻസിലെ രോഗികൾക്കു നഷ്ടമായിരുന്നു. അത്യാസന്ന രോഗികൾക്ക് ഒരു നിമിഷം പോലും പ്രധാനമായിരിക്കെയാണ് മരണത്തിനും ജീവിതത്തിനും ഇടയിൽ രോഗികൾക്ക് പതിനഞ്ചു മിനിറ്റു നഷ്ടമായത്. മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടതും മുൻപ് വാർത്തയായിരുന്നു. മംഗലപുരം സിഐ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സിഐ ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റിരുന്നു. ഇത്തരം സംഭവങ്ങളും വിവാദങ്ങളും നിർബാധം അരങ്ങേറുന്ന വേളയിൽ തന്നെയാണ് മന്ത്രി പത്തു മിനിട്ട് വഴിയിൽ കുടുങ്ങി എന്ന് പറഞ്ഞു ശൂരനാട്ടെ നിരപരാധികളായ പൊലീസുകാർക്ക് സസ്പെൻഷൻ വന്നത്.