play-sharp-fill
പുതിയ 10 പഠനവകുപ്പുകൾക്ക്‌ നിർദേശവുമായി എംജി സർവകലാശാല ബജറ്റ്

പുതിയ 10 പഠനവകുപ്പുകൾക്ക്‌ നിർദേശവുമായി എംജി സർവകലാശാല ബജറ്റ്

കോട്ടയം
പുതിയ 10 പഠനവകുപ്പുകൾ ആരംഭിക്കാനും വിദേശ സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി സഹകരണത്തിലേർപ്പെടാനും ഉൾപ്പെടെ പദ്ധതിക്ക്​ ഊന്നൽ നൽകി എംജി സർവകലാശാല ബജറ്റ്​. 624.35കോടി രൂപ വരവും 691.97 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ്​ അവതരിപ്പിച്ചത്​. പ്രതീക്ഷിത റവന്യൂ കമ്മി സർക്കാരിൽനിന്നുള്ള അധിക ധനസഹായം, അധിക വിഭവ സമാഹരണം വഴി നികത്താമെന്നാണ്​ പ്രതീക്ഷ.
അഫിലിയേറ്റഡ് കോളേജുകൾക്കും ഗവേഷണ കേന്ദ്രങ്ങൾക്കുമായി എംജിയു ഇ ജേണൽ നെറ്റ് വർക്ക് ആൻഡ് ഇ ലൈബ്രറി, വിദ്യാർഥി -അധ്യാപക സമൂഹത്തിന് യു ഓൾ ഇൻ വൺ: ആപ്പ്, സർവകലാശാലയിൽ കാൾ സെന്റർ സംവിധാനം, വിദ്യാർഥി പരാതി പരിഹാരത്തിനു ചാറ്റ് ബോട്ട് സംവിധാനം, സർവകലാശാലക്കായി യൂ ട്യൂബ് ചാനൽ എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ്​ (ആർപി), സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും ഗവേഷണ വിദ്യാർഥികൾക്കുമായി ഇന്റേൺഷിപ് സംവിധാനം, മികവിനുള്ള പുരസ്കാരങ്ങൾ എന്നിവ ഏർപ്പെടുത്തും. 18 നും 30 നും ഇടയ്‌ക്ക്‌ പ്രായമുള്ള (മുഴുവൻ സമയ സേവനം നൽകേണ്ട സേവന മേഖലകളിൽ പ്രവർത്തിക്കുന്നവരല്ലാത്ത) ഏതൊരു വ്യക്​തിക്കും അംഗമാകാവുന്ന തരത്തിൽ​ ‘എം ജി യു ഓൺ സ്പോട്ട്’ എന്ന പേരിൽ സ്​ഥിരം സാമൂഹിക സന്നദ്ധ സേന രൂപീകരിക്കുന്നു. എം ജി യു ഒളിമ്പിക് പോഡിയം സ്കീം, സ്പോർട്സ് ക്വാട്ടാ പ്രവേശനത്തിനായുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കൽ, ദേശീയ അന്തർ ദേശീയ തലത്തിൽ നേട്ടങ്ങൾ കൈവരിക്കുന്ന കോളജുകൾക്ക് അവാർഡ്, ജനപ്രിയ കായിക ഇനങ്ങൾക്ക് പ്രത്യേക പാക്കേജ്, സർവകലാശാലാ ഇൻഡോർ സ്​റ്റേഡിയം നിർമാണം, ഇൻഡോർ ബാഡ്മിന്റൺ കോർട്ട് എന്നീ പദ്ധതികളും നടപ്പാക്കും.
എംജി സിൻഡിക്കറ്റംഗം ഡോ. ബിജു തോമസാണ്‌ ബജറ്റ്‌ അവതരിപ്പിച്ചത്‌. എംജി വിസി ഡോ. സാബു തോമസ്‌, സിൻഡിക്കറ്റംഗങ്ങളായ അഡ്വ. റെജി സഖറിയ, അഡ്വ. ജോബ്‌ മൈക്കിൾ എംഎൽഎ, ഡോ. എ ജോസ്‌, ഡോ. ഹരികൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു.