
സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള നീക്കം; എംജി സർവകലാശാല സെനറ്റ് നാമനിർദേശത്തിൽ ഗവർണർക്കും യുഡിഎഫ് സർക്കാരിനുമെതിരെ മുഹമ്മദ് റിയാസ് എംഎൽഎ
എംജി സർവകലാശാല സെനറ്റിലേക്കുള്ള ഗവർണറുടെ നാമനിർദേശ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. ആർഎസ്എസ്-ബിജെപി പശ്ചാത്തലമുള്ളവരെ സെനറ്റിൽ ഉൾപ്പെടുത്തിയ നടപടി സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഗവർണറുടെ നടപടിക്ക് യുഡിഎഫ് സർക്കാരിന്റെ മൗനാനുവാദം ലഭിക്കുന്നുവെന്നത് അപകടകരമാണെന്നും അദ്ദേഹം ആരോപിച്ചു.
സർവകലാശാലകൾ മതവർഗീയ പ്രസ്ഥാനങ്ങളുടെ പരീക്ഷണശാലകളല്ലെന്നും സർവകലാശാലകളുടെ കാവിവൽക്കരണത്തിനെതിരായ പോരാട്ടം കേരളത്തിന്റെ ഭാവിയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 30 അംഗങ്ങളുള്ള സെനറ്റിൽ ബിജെപി ദേശീയ സമിതി അംഗം ഉൾപ്പെടെ 19 സംഘപരിവാർ അനുകൂലികളെ ഉൾപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ എംജി സർവകലാശാല വൈസ് ചാൻസലർ നിയമനത്തിലും യുഡിഎഫ് സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നില്ലെന്നും താൽക്കാലിക വിസി നിയമനത്തിനുള്ള പാനൽ നൽകാൻ പോലും ശ്രമിച്ചില്ലെന്നും റിയാസ് വിമർശിച്ചു. നിയമസഭയിൽ വിഷയം ഉന്നയിച്ചിരുന്നെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







