നാട്ടുകാർക്ക് സെന്റിന് അൻപത് ലക്ഷം,ശീമാട്ടി മുതലാളിക്ക് 80 ലക്ഷവും : മെട്രോയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുത്ത കേസ് ; പുനരന്വേഷണത്തിന് ഉത്തരവ്

നാട്ടുകാർക്ക് സെന്റിന് അൻപത് ലക്ഷം,ശീമാട്ടി മുതലാളിക്ക് 80 ലക്ഷവും : മെട്രോയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുത്ത കേസ് ; പുനരന്വേഷണത്തിന് ഉത്തരവ്

സ്വന്തം ലേഖകൻ

കൊച്ചി : മെട്രോക്ക് വേണ്ടി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്ത കേസിൽ വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതി മടക്കി. ത്വരിതാന്വേഷണ റിപ്പോർട്ടിൽ സർക്കാരിനും കെ.എം.ആർ.എല്ലിനും സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്ന കണ്ടെത്തൽ കോടതി സ്വീകരിച്ചില്ല. അധിക വില ലഭിക്കുന്ന വിധം ശീമാട്ടിയും ജില്ലാകലക്ടറും ഉണ്ടാക്കിയ കരാർ സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. കേസ് കോടതി ആഗസ്റ്റ് 17ന് വീണ്ടും പരിഗണിക്കും.

ജില്ലാ ഭരണകൂടം ശീമാട്ടിയുടെ ഭൂമി സെന്റിന് 52 ലക്ഷം രൂപ നഷ്ടപരിഹാരം നല്കിക്കൊണ്ടായിരുന്നു എറ്റെടുത്തത്. എന്നാൽ പിന്നീട് ഭൂഉടമകളുടെ വാദത്തെ തുടർന്ന് സെന്റിന് 80 ലക്ഷം രൂപ വില നിശ്ചയിച്ചതിൽ അഴിമതി നടന്നുവെന്നതാണ് പരാതി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം വിജിലൻസ് യൂണിറ്റിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ വിലയിൽ വരുത്തിയ മാറ്റം ഇവർ സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ലെന്ന് കണ്ടെത്തിയാണ് കോടതി റിപ്പോർട്ട് മടക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി മെട്രോ റെയിൽ പദ്ധതിക്കായി എറണാകുളത്തെ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിലാണ് വിണ്ടും അന്വേഷണത്തിന് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മെട്രോ സ്ഥലമേറ്റെടുപ്പിന്റെ വ്യവസ്ഥകളിൽ ശീമാട്ടിക്ക് മാത്രമായി ഇളവുവരുത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം നടത്തുക. മെട്രോ നിർമ്മാണത്തിനായി ശീമാട്ടി വിട്ടുനൽകിയ 32 സെന്റിൽ പുറമ്പോക്ക് ഭൂമിക്കും വില നൽകിയിട്ടുണ്ടോ എന്നും അന്വേഷിക്കാനും കോടതി ആവശ്യപ്പെട്ടു. ഭൂഉടമയും ജില്ലാ കലക്ടറും ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ സംബന്ധിച്ചും കൃത്യമായ അന്വേഷണം നടത്തണമെന്നാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.