ആദിവാസി ഗ്രാമത്തിലെ ദമ്പതികളുടെ വെര്‍ച്വല്‍ വിവാഹ സല്‍ക്കാരം വൈറല്‍ ആകുന്നു; ബന്ധുക്കൾക്കൊപ്പം വധുവിൻ്റെ മരിച്ചു പോയ പിതാവും വിവാഹ വേദിയിൽ; അരങ്ങേറിയത് അത്ഭുത വിവാഹം
സ്വന്തം ലേഖിക
കോവിഡ് പശ്ചാത്തലത്തില്‍ പല പരിപാടികളും ആഘോഷങ്ങളും ചടങ്ങുകളും ഇപ്പോൾ ഓണ്‍ലൈനായോ വെര്‍ച്വലായോ ഒക്കെയാണ് നടത്തുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നുള്ള ദമ്പതികള്‍ തങ്ങളുടെ വിവാഹ സല്‍ക്കാരം മെറ്റാവേസില്‍ സംഘടിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. പാരമ്പര്യവും സാങ്കേതികവിദ്യയും ഒരുമിച്ച് കൊണ്ടുവന്നതായിരുന്നു ആ വിവാഹത്തിന്റെ പ്രത്യേകത.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഷ്യയിലെ തന്നെ ആദ്യത്തെ മെറ്റാവേഴ്സ് വിവാഹമായിരുന്നു അത്. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രന്റിങ്ങാണ്.
തമിഴ്‌നാട്ടിലെ ആദിവാസി ഗ്രാമമായ ശിവലിംഗപുരത്ത് ദിനേശ് എസ് പിയും ജനഗനന്ദിനി രാമസ്വാമിയും ഫെബ്രുവരി ആറിനാണ് വിവാഹിതരായത്. വെര്‍ച്വല്‍ ലോകത്ത് നടന്ന അന്നത്തെ വിവാഹ സല്‍ക്കാരത്തില്‍ ലോകമെമ്പാടുമുള്ള നിരവധി സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പങ്കെടുക്കാന്‍ കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. മരിച്ചു പോയ പിതാവ് വരെ വിവാഹത്തില്‍ പങ്കെടുത്തു.
ഡിജിറ്റല്‍ അവതാരങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് ‘ജീവിക്കാനും’ മറ്റുള്ളവരുമായി സംവദിക്കാനും കഴിയുന്ന ഒരു വെര്‍ച്വല്‍ 3ഡി സംവിധാനമാണ് മെറ്റാവേഴ്സ്. ഓഗ്‌മെന്റഡ് റിയാലിറ്റി, ബ്ലോക്ക്‌ചെയിന്‍, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യയുടെ ഒന്നിലധികം ഘടകങ്ങൾ സംയോജിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്.
കോവിഡ് മഹാമാരി കാരണം വിവാഹത്തിനും സ്വീകരണത്തിനും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും എണ്ണം 100 ആയി പരിമിതപ്പെടുത്തേണ്ടി വന്നു. ഇതിനാല്‍, ശിവലിംഗപുരത്ത് ഒരു ചെറിയ കൂട്ടം ആളുകളുടെ സാന്നിധ്യത്തില്‍ വിവാഹവും അനുബന്ധ റിസപ്ഷനും നടത്താന്‍ തീരുമാനിച്ചു. ഇതോടെ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാനായി വിവാഹം മെറ്റാവേര്‍സിലേക്ക് മാറ്റുകയായിരുന്നു.
മെറ്റാവേഴ്സിനു പുറമെ താന്‍ ഒരു വര്‍ഷമായി ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദിനേശ് പറഞ്ഞു.
ഹാരി പോട്ടര്‍ ആരാധകരായതിനാല്‍ ദിനേശും ജനഗാനന്ദിനിയും ഹോഗ്‌വാര്‍ട്‌സ് പ്രമേയത്തിലുള്ള സ്വീകരണമാണ് തിരഞ്ഞെടുത്തത്. ട്രഡിവേഴ്സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി ഒരു മാസത്തോളം പ്രവര്‍ത്തിച്ചാണ് മെറ്റാവേഴ്സ് റിസപ്ഷന്‍ ഡിസൈന്‍ വികസിപ്പിച്ചെടുത്തത്.
അതിഥികളുടെയും വധൂവരന്മാരുടെയും അവതാരങ്ങള്‍ക്കൊപ്പം വധുവിന്റെ പരേതനായ പിതാവിന്റെ അവതാരത്തെ അവര്‍ സൃഷ്ടിച്ച് വിവാഹ വേദിയിലെത്തിച്ചു.
കഴിഞ്ഞ ഏപ്രിലിലാണ് വധുവിന്റെ പിതാവ് മരിച്ചത്. ഇതിനാല്‍ അദ്ദേഹത്തിന്റേയും ഒരു 3ഡി അവതാര്‍ സൃഷ്ടിക്കുകയായിരുന്നു.
അവര്‍ എന്നെയും എന്റെ പ്രതിശ്രുത വധുവിനെയും അനുഗ്രഹിച്ചു. ഇത് നമുക്ക് മെറ്റാവേഴ്സില്‍ മാത്രമേ ചെയ്യാന്‍ കഴിയൂ എന്നും ദിനേശ് പറഞ്ഞു.
മെറ്റാവേഴ്സ് വിവാഹ സല്‍ക്കാരത്തിന്റെ ഫോട്ടോകളും വിഡിയോകളും ഓണ്‍ലൈനില്‍ ട്രന്റിങ്ങാണ്. ചെന്നൈയില്‍ നിന്ന് മെറ്റാവേഴ്സ് വഴി നടത്തിയ സംഗീത കച്ചേരിയാണ് വിഡിയോകളിലൊന്ന് കാണിക്കുന്നത്. വിവാഹത്തിനായി എന്‍എഫ്ടികള്‍ അല്ലെങ്കില്‍ നോണ്‍-ഫംഗബിള്‍ ടോക്കണുകളും പുറത്തിറക്കിയിരുന്നു.
സ്‌പെഷ്യല്‍ എഡിഷന്‍ എന്‍എഫ്ടികള്‍ ഗാര്‍ഡിയന്‍ ലിങ്ക് ആണ് പുറത്തിറക്കിയത്. ഇവ ബിയോണ്ട് ലൈഫ് ക്ലബ് മാര്‍ക്കറ്റ് പ്ലേസില്‍ ലഭ്യമാണ്. എന്‍എഫ്ടി ശേഖരത്തില്‍ ഹാരി പോട്ടര്‍, സൈബര്‍പങ്ക് കാലഘട്ടത്തിലെ പശ്ചാത്തലങ്ങളും വസ്ത്രങ്ങളും ഉള്‍ക്കൊള്ളുന്ന കലാസൃഷ്‌ടികള്‍ ഉണ്ട്. വധു, വരന്‍, വധുവിന്റെ പരേതനായ പിതാവ് എന്നിവരെ അവതരിപ്പിക്കാന്‍ ക്ലാസിക് വിവാഹ വസ്ത്രങ്ങളാണ് ഉപയോഗിച്ചത്.