മീനച്ചിലാർ മീനന്തറയാർ കൊടുരാർ പദ്ധതി നിരന്തരം വികസിക്കുന്ന മാതൃക:  ടി.എൻ സീമ

മീനച്ചിലാർ മീനന്തറയാർ കൊടുരാർ പദ്ധതി നിരന്തരം വികസിക്കുന്ന മാതൃക: ടി.എൻ സീമ

സ്വന്തം ലേഖിക

കോട്ടയം: മീനച്ചിലാർ മീനന്തറയാർ കൊടുരാർ പദ്ധതിയുടെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ എല്ലാവരും ഉറ്റു നോക്കുന്ന രാജ്യത്തെ തന്നെ മികച്ച മാത്യക തന്നെയാണെന്നും, ക്യഷി, ജലടൂറിസം, വെള്ളപ്പൊക്കം തടയൽ, മാലിന്യക്കുഴൽ നീക്കൽ തുടങ്ങി എല്ലാ ജലബന്ധ പ്രവർത്തനങ്ങളും എല്ലാവരെയും ബന്ധപ്പെടുത്തി നടക്കുന്നു എന്നതാണ് കോട്ടയത്തെ പ്രത്യേകതയെന്നും നദീ പുനർസംയോജന പദ്ധതിയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചു കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെ നവകേരളം മിഷൻ സംസ്ഥാന കോർഡിനേറ്റർ ടി.എൻ സീമ അഭിപ്രായപ്പെട്ടു.

പദ്ധതിയുടെ പ്രവർത്തന സപ്ലിമെൻ്റും ഡോ. ടി എൻ സീമ പ്രകാശനം ചെയ്‌തു.
“നദീ പുനർസംയോജനം ഇനി എന്ത്” എന്ന വിഷയത്തത്തിൽ പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ ജനകീയ കൂട്ടായ്മ്മയുടെ തുടർ
പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. സർക്കാരിൻ്റെയും ഹരിത കേരള മിഷന്റെയും ലക്ഷ്യമായ ജല സുരക്ഷ പുതിയ തലത്തിലേക്ക് കടക്കുകയാണെന്നും പ്രാദേശിക ജല മാനേജ്മെന്റുകൾ വിപുലപ്പെടുത്തികൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെ വേമ്പനാട്ട് കായൽ ശുചീകരിക്കുമെന്നും ഇതിലൂടെ പ്രളയരഹിത കോട്ടയം സാധ്യമാകുമെന്നും അനിൽകുമാർ അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയോര മേഖലയിൽ നീർച്ചാലുകൾ തെളിച്ച്‌ മണ്ണിടിച്ചിലും ഉരുൾപൊട്ടലും തടാനുള്ള പ്രാദേശിക ജല മാനേജ്‌മെന്റ്‌ നടപ്പാക്കും. പ്രളയരഹിത കോട്ടയം മുൻനിർത്തിയുള്ള പ്രവർത്തനം ശക്തമാക്കും. വേമ്പനാട്‌ കായലോര പഞ്ചായത്തുകളിൽ പ്രളയം ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ മുൻഗണന നൽകും.

തരിശുനില കൃഷി കൂടുതൽ പ്രോത്സാഹിപ്പിക്കും. മലയോരവും കായലോരവുമല്ലാത്ത ഇടനാടുകളിൽ വ്യത്യസ്‌തമായ ജലമാനേജ്‌മെന്റ്‌ നടപ്പാക്കും. എല്ലാ പ്രാദേശിക വെള്ളക്കെട്ടുകളും ഒഴിവാക്കും. ഒരുവർഷം കൃഷി ചെയ്യുന്ന പുഞ്ചപ്പാടങ്ങളിൽ രണ്ട്‌ കൃഷിക്കുള്ള സാധ്യത തേടും. വള്ളങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്ന ജലടൂറിസം പദ്ധതികൾ പരമാവധിയിടങ്ങളിൽ നടപ്പാക്കും.

ഒരു പ്രദേശത്ത്‌ വെള്ളക്കെട്ടുണ്ടായാൽ ബദൽ മാർഗങ്ങൾ സംബന്ധിച്ച്‌ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുമെന്നും അനിൽകുമാർ പറഞ്ഞു. പ്രൊഫ. ഡോ.ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ബോർഡ് മെമ്പർ നാസർ ചാത്തൻങ്കോട്ടുമാലിയിൽ സ്വാഗതമാശംസിച്ചു.

മുൻ പി.എസ്.സി മെമ്പർ ലോപ്പസ് മാത്യു, കുട്ടനാട് പാക്കേജ് എക്സി.എൻജി ആർ സുശീല, മൈനർ ഇറിഗേഷൻ എക്സി.എൻജി കെ.കെ സിന്ധു, മേജർ ഇറിഗേഷൻ അസി.എക്സി.എൻജി. ആർ ശ്രീകല, ജില്ലാ കൃഷി ഓഫീസർ ഗീത വർഗീസ്, കൃഷി എൻജി. മുഹമ്മദ് ഷെരീഫ്, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ തുടങ്ങിയരും ജനകീയ കൂട്ടായ്‌മ അംഗങ്ങളും പങ്കെടുത്ത ചടങ്ങ് ജനകീയ കൂട്ടായ്‌മയുടെ അഞ്ചാം വാർഷികത്തിന്റെ മാറ്റുകൂട്ടി.