മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്നിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടും; കരിങ്കല്ലുമായി പരസ്പരം ഏറ്റുമുട്ടിയത് ക്രിമിനലുകൾ; ചോരയൊലിപ്പിച്ച തലയുമായി യുവാവ് ഓടിക്കയറിയത് അത്യാഹിത വിഭാഗത്തിൽ; രോഗികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ കയ്യുംകെട്ടി നോക്കി നിന്നു
തേർഡ് ഐ ബ്യൂറോ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്നിൽ ഗുണ്ടാ – അക്രമി – സാമൂഹ്യ വിരുദ്ധ സംഘത്തിന്റെ അഴിഞ്ഞാട്ടം. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലാണ് വ്യാഴാഴ്ച രാവിലെ അക്രമി സംഘം അഴിഞ്ഞാടിയത്. കരിങ്കല്ലുമായി പരസ്പരം ഏറ്റുമുട്ടിയ അക്രമി സംഘത്തിലെ രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. അക്രമികളിൽ നിന്നും രക്ഷപെടാൻ സാമൂഹ്യ വിരുദ്ധ സംഘത്തിലെ ഒരാൾ അത്യാഹിത വിഭാഗത്തിൽ ഓടിക്കയറി. പരസ്പരം കല്ലേറ് നടത്തിയ സംഘത്തിൽ നിന്നും രോഗികൾ അത്ഭുതകരമായാണ് രക്ഷപെട്ടത്.
വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്നിൽ അക്രമികളുടെ അഴിഞ്ഞാട്ടം. രാവിലെ ആശുപത്രിയിൽ നിരവധി രോഗികളാണ് എത്തിയിരുന്നത്. ഈ സമയത്താണ് മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിൽ രണ്ടു അത്യാഹിത വിഭാഗത്തിനു മുന്നിൽ ഏറ്റുമുട്ടിയത്. രണ്ടു പേരും രാത്രിയിൽ അശുപത്രി വളപ്പിൽ കിടക്കാനെത്തുന്നവരും, ഇവിടെ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ ആശുപത്രിയുടെ മുന്നിൽ വലിയ ശബ്ദത്തോടെ രണ്ടു പേരും വാക്കേറ്റത്തിൽ ഏർപ്പെട്ടു. തുടർന്നു, കയ്യാങ്കളിയിലേയ്ക്കു കടക്കുകയായിരുന്നു. രണ്ടു പേരും തമ്മിലുള്ള കയ്യേറ്റത്തിനിടെ പരസ്പരം കല്ലെറിയുകയും, തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ആശുപത്രിയിൽ എത്തിയ നിരവധി ആളുകൾ നോക്കി നിൽക്കുമ്പോഴായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം. ശബ്ദവും ബഹളവും കേട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ ഇവിടേയ്ക്ക് എത്തി നോക്കിയെങ്കിലും, സംഭവത്തിൽ ഇടപെടാനോ പൊലീസിനെ വിളിക്കാനോ പോലും ഇവർ തയ്യാറായില്ല.
തലയ്ക്ക് അടിയേറ്റ അക്രമികളിൽ ഒരാൾ ഓടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനുള്ളിൽ കയറിയിട്ട് പോലും ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ തിരിഞ്ഞ് നോക്കാൻ പോലും തയ്യാറായില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. സംഘർഷത്തിന് അയവ് വന്നപ്പോൾ പരിക്കേറ്റ അക്രമി ആശുപത്രിയിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭീഷണി സൃഷ്ടിച്ച് അക്രമി സംഘം അഴിഞ്ഞാടിയപ്പോഴും സാധാരണക്കാരുടെ മെക്കിട്ട് കയറുന്ന ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ പൊലീസ് വേഷമിട്ട് നോക്കു കുത്തിയായി നിന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.