പാലായിൽ മീനച്ചിലാറ്റിൽ പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരൻ മരിച്ച നിലയിൽ: മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം; മൃതദേഹം കണ്ടെത്തിയത് മാലിന്യത്തിൽ മുങ്ങിയ നിലയിൽ: മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

പാലായിൽ മീനച്ചിലാറ്റിൽ പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരൻ മരിച്ച നിലയിൽ: മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം; മൃതദേഹം കണ്ടെത്തിയത് മാലിന്യത്തിൽ മുങ്ങിയ നിലയിൽ: മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

സ്വന്തം ലേഖകൻ

പാലാ: മീനച്ചിലാറ്റിൽ ഭരണങ്ങാനത്തെ കടവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസം മുൻപ് കാണാതായ വ്യാപാരിയുടെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ എട്ട് മണിയോടെ ഭരണങ്ങാനം മേരിഗിരി ആശുപത്രിയ്ക്ക് സമീപം തോടനാൽ തറപ്പേൽകടവിലാണ് മൃതദേഹം കണ്ടെത്തിയത്. പാലാ കിഴപറയാർ വെട്ടിക്കൽ വീട്ടിൽ സാബുകുമാറിന്റെ (56) മൃതദേഹമാണ് മീനച്ചിലാറ്റിൽ കണ്ടെത്തിയത്.
പള്ളിക്കത്തോട്ടിൽ വ്യവസായ സ്ഥാപനം നടത്തുകയായിരുന്ന സാബുകുമാറിനെ രണ്ടു ദിവസം മുൻപാണ് കാണാതായത്. ഇദ്ദേഹത്തെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പള്ളിക്കത്തോട് പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതിനിടെയാണ് ഇന്നലെ രാവിലെ ഭരണങ്ങാനം മേരിഗിരി ആശുപത്രിയിയ്ക്ക് സമീപം തോടനാൽ തറപ്പേൽ കടവിൽ മൃതദേഹം കണ്ടെത്തിയത്.
ആറിനോടു ചേർന്ന് ഒഴുകിയെത്തിയ മാലിന്യക്കൂമ്പാരത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപവാസിയായ യുവാവാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് ഇദ്ദേഹം വിവരം പാലാ പൊലീസിനെ അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് സംഘം നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും സഹായത്തോടെ മൃതദേഹം കരയ്ക്ക് അടുപ്പിച്ചു. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
മരണകാരണം എന്താണെന്ന് പോസ്റ്റ്മാർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. ഇദ്ദേഹത്തിന്റെ പശ്ചാത്തലവും സാമ്പത്തിക ബാധ്യതയുടെ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത് അടക്കമുള്ള കാര്യങ്ങൾ ശേഖരിച്ച ശേഷമാവും പൊലീസിന്റെ തുടർ നടപടികൾ ഉണ്ടാകുക.