ഒറ്റ രാത്രിയിൽ മിന്നൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്: പിഴയായി ഈടാക്കിയത് അഞ്ചര ലക്ഷം രൂപ; പരിശോധന നടത്തിയത് സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ

ഒറ്റ രാത്രിയിൽ മിന്നൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്: പിഴയായി ഈടാക്കിയത് അഞ്ചര ലക്ഷം രൂപ; പരിശോധന നടത്തിയത് സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ

സ്വന്തം ലേഖകൻ

കോട്ടയം: ഒറ്റ രാത്രിയിൽ ജില്ലയിലെ നിരത്തിൽ നിന്നും മോട്ടോർ വാഹന വകുപ്പ് പിഴയായി ഈടാക്കിയത് അഞ്ചര ലക്ഷം രൂപ. സംസ്ഥാന വ്യാപകമായി രാത്രികാലങ്ങളിൽ നിരത്തുകളിൽ മോട്ടോർ വാഹന വകുപ്പ നടത്തിയ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലെ റോഡുകളിലും വകുപ്പ് പരിശോധനയുമായി ഇറങ്ങിയത്. ശനിയാഴ്ച രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ചു വരെ ജില്ലയിലെ പത്ത് കേന്ദ്രങ്ങളിൽ , പത്ത് സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരും, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറും, ഒരു ഡ്രൈവറും അടങ്ങുന്ന പത്ത് സ്‌ക്വാഡുകളാണ് ജില്ലയിൽ പരിശോധന നടത്തിത്.
രണ്ടായിരത്തോളം വാഹനങ്ങളാണ് ശനിയാഴ്ച രാത്രിയിൽ മാത്രം മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചത്. ഇതിൽ 346 വാഹനങ്ങളിൽ നിന്നും പിഴ ഈടാക്കിയത്. അമിത ഭാരം കയറ്റിയെത്തിയ 49 തടിലോറികളിൽ നിന്നും പിഴ ഈടാക്കി. എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കണ്ണിലേയ്ക്ക് അതിരൂക്ഷമായ രീതിയിൽ തുളച്ചു കയറുന്ന ലൈറ്റ് ഉപയോഗിച്ച 139 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. മറ്റു വിവിധ വകുപ്പുകളിൽ 158 വാഹനങ്ങൾക്കെതിരെയും മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിട്ടുണ്ട്.
ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദേശ പ്രകാരം, ജില്ലാ ആർ.ടി.ഒ ബാബു ജോൺ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ വി.എം ചാക്കോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡിനെ കൂടാതെ ജില്ലയിലെ എല്ലാ ആ്ർ.ടി ഓഫിസിൽ നിന്നും സബ് ആർ.ടി ഓഫിസിൽ നിന്നുമുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
കോട്ടയം, ഏറ്റുമാനൂർ, പാലാ, പൊൻകുന്നം, ചങ്ങനാശേരി, എരുമേലി, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലെല്ലാം മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയിരുന്നു. രാത്രിയിൽ അമിത വേഗത്തിൽ സർവീസ് നടത്തുക, കൂടുതൽ ലൈറ്റുകൾ ഉപയോഗിക്കുക, അമിത ഭാരം കയറ്റുക, ഇത് അടക്കമുള്ള കുറ്റങ്ങൾ കണ്ടെത്തുന്നതിനാണ് പരിശോധന നടത്തിയത്.
എന്നാൽ, രാത്രി കാലത്ത് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷാ ഉപകരണങ്ങൾ നൽകിയിരുന്നില്ല. രാത്രിയിൽ ഉപയോഗിക്കുന്ന തരം ലൈറ്റുകളോ, വസ്ത്രങ്ങളോ ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നില്ല. ഭാഗ്യം കൊണ്ട് മാത്രമാണ് പല വാഹനങ്ങളും ഉദ്യോഗസ്ഥരെ ഇടിക്കാതെ രക്ഷപെട്ടത്. പരിശോധന നടത്തുന്ന സ്ഥലങ്ങളിൽ അടുത്ത് എത്തുമ്പോൾ മാത്രമാണ് ഉദ്യോഗസ്ഥർ നിന്നിരുന്നത് കണ്ടത്. ഇവർ വാഹനങ്ങൾ വെട്ടിച്ചു മാറ്റി രക്ഷപെടുകയായിരുന്നു.