വിദേശത്ത് വെച്ചുള്ള സുഹൃത്ത് ബന്ധങ്ങൾ;  ഓയോ ആപ്പ് വഴി ഹോട്ടല്‍ മുറി വാടകയ്‌ക്കെടുത്ത് നഗരത്തിൽ മയക്കുമരുന്ന് വില്‍പ്പന;15 ദിവസത്തോളം  ഹോട്ടല്‍മുറിയില്‍ തങ്ങിയ എട്ടംഗ സംഘം പിടിയില്‍; പ്രതികളിൽ നിന്ന് 56 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു

വിദേശത്ത് വെച്ചുള്ള സുഹൃത്ത് ബന്ധങ്ങൾ; ഓയോ ആപ്പ് വഴി ഹോട്ടല്‍ മുറി വാടകയ്‌ക്കെടുത്ത് നഗരത്തിൽ മയക്കുമരുന്ന് വില്‍പ്പന;15 ദിവസത്തോളം ഹോട്ടല്‍മുറിയില്‍ തങ്ങിയ എട്ടംഗ സംഘം പിടിയില്‍; പ്രതികളിൽ നിന്ന് 56 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു

സ്വന്തം ലേഖിക

കൊച്ചി: ഹോട്ടല്‍ മുറി വാടകയ്ക്കെടുത്ത് മയക്കുമരുന്ന് ഇടപാട് നടത്താനെത്തിയ യുവതി ഉള്‍പ്പെടുന്ന എട്ടംഗ സംഘം പൊലീസ് പിടിയില്‍.

എറണാകുളം സ്വദേശി റിച്ചു റഹ്മാന്‍ (30), മലപ്പുറം സ്വദേശി മുഹമ്മദ് അലി (32), കണ്ണൂര്‍ സ്വദേശി സി.എം. സല്‍മാന്‍ (26), തൃശ്ശൂര്‍ സ്വദേശി വിബീഷ് (32), വാങ്ങാനെത്തിയ കൊല്ലം സ്വദേശികളായ ഷിബു (37), സുബൈര്‍ (29), ആലപ്പുഴ സ്വദേശി ശരത് (33), കൊല്ലം സ്വദേശിനി തന്‍ഷീല (24) എന്നിവരെയാണ് സംസ്ഥാന എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ 15 ദിവസമായി ഇടപ്പള്ളിയില്‍ ഹോട്ടല്‍ മുറിയില്‍ മയക്കുമരുന്ന് ഇടപാടിനായി തങ്ങുകയായിരുന്നു. ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറി ഓയോ ആപ്പ് വഴി വാടകയ്ക്ക് എടുത്താണ് പ്രതികള്‍ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്.
റിച്ചു റഹ്മാന്‍, മുഹമ്മദ് അലി, വിബീഷ്, സല്‍മാന്‍ എന്നിവരാണ് ഇടപാട് നിയന്ത്രിച്ചിരുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. അനികുമാറിന് മയക്കുമരുന്ന് കൈമാറ്റത്തെ കുറിച്ച്‌ രഹസ്യ വിവരം ലഭിക്കുന്നത്. മൂന്ന് മണിയോടെ എക്സൈസ്, കസ്റ്റംസ് സംഘം ഹോട്ടല്‍ മുറിക്കടുത്ത് താവളമുറപ്പിച്ചു.

ലഹരി വാങ്ങാന്‍ തന്‍ഷീല ഉള്‍പ്പെടെയുള്ള നാലംഗ സംഘം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഹോട്ടല്‍ പരിസരത്ത് എത്തി. തന്‍ഷീല കാറിലിരിക്കുകയും മൂന്ന് പേര്‍ ഹോട്ടല്‍ മുറിയിലേക്ക് മയക്കുമരുന്ന് കൈമാറ്റത്തിനായി കടന്ന സമയം എക്സൈസ്-കസ്റ്റംസ് സംയുക്ത സംഘം പ്രതികളെ വളയുകയായിരുന്നു.

പിന്നാലെ വനിതാ ഉദ്യോഗസ്ഥരെ വരുത്തി തന്‍ഷീലയെയും കസ്റ്റഡിയിലെടുത്തു. ഹോട്ടലില്‍ നിന്നും കാറില്‍ നിന്നുമായി 56 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. പ്രതികള്‍ ഉപയോഗിച്ച മൂന്ന് കാര്‍, 10 മൊബൈല്‍ ഫോണ്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

വിദേശത്ത് ജോലി ചെയ്യുന്നവരാണ് പ്രതികള്‍. വിദേശത്ത് വെച്ചുള്ള പരിചയത്തിലാണ് മയക്കുമരുന്ന് വില്പനയ്ക്ക് മറ്റുള്ളവരെ ഹോട്ടലില്‍ എത്തിച്ചത്. ബെംഗളൂരുവില്‍ നിന്നാണ് എം.ഡി.എം.എ. വാങ്ങിയതെന്നാണ് പ്രതികള്‍ നല്‍കിയ വിവരം. പ്രതികളില്‍ ഒരാള്‍ക്കെതിരേ വിദേശത്ത് മയക്കുമരുന്ന് കേസുണ്ടെന്ന് അനികുമാര്‍ പറഞ്ഞു.