ഇന്ത്യയില്‍ തുടര്‍പഠനത്തിന് സാധ്യതയില്ല; ഓണ്‍ലൈന്‍ ക്ലാസുകള്‍ പര്യാപ്തമാകില്ല;  എംബിബിഎസ് പഠനം പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ഥികള്‍ തിരികെ യുക്രെയ്നിലേക്ക്

ഇന്ത്യയില്‍ തുടര്‍പഠനത്തിന് സാധ്യതയില്ല; ഓണ്‍ലൈന്‍ ക്ലാസുകള്‍ പര്യാപ്തമാകില്ല; എംബിബിഎസ് പഠനം പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ഥികള്‍ തിരികെ യുക്രെയ്നിലേക്ക്

സ്വന്തം ലേഖിക

കൊച്ചി: റഷ്യ യുക്രൈന്‍ യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍ മടങ്ങിയെത്തിയ വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനം യുക്രൈനിലേക്ക് തിരിച്ച്‌ പോവുകയാണ്.

എംബിബിഎസ് തുടര്‍ പഠനത്തിന് നാട്ടില്‍ സാധ്യതകളില്ലാത്താണ് അപകട സാധ്യത അവഗണിച്ച്‌ തിരിച്ച്‌ പോകാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നത്.

ഒരു വര്‍ഷം മുൻപ് ജീവനും കയ്യില്‍പ്പിടിച്ച്‌ യുക്രൈനില്‍ നിന്ന് നാട്ടിലെത്തിയതാണ് വിദ്യാര്‍ഥികളില്‍ ഏറെപ്പേരും. ആദ്യം ആശ്വസമായിരുന്നെങ്കിലും തുടര്‍പഠനം വഴിമുട്ടിയതോടെ ആശങ്കയായി.

പ്രായോഗിക പഠനം നിര്‍ണായകമാണെന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മതിയാകില്ല. പക്ഷേ നടക്കുന്നത് ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. തുടര്‍പഠനം മറ്റ് വിദേശ രാജ്യങ്ങളിലേക്ക് മാറ്റുക എന്നതാണ് ഇനിയുള്ള പോംവഴി.

പക്ഷേ അതിന് ഇനിയും ഫീസടയ്ക്കണം. ഇതിന് നിവൃത്തിയില്ലാത്തവരാണ് യുക്രൈനിലേക്ക് സാഹസപ്പെട്ട് മടങ്ങുന്നത്.

യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് നാട്ടില്‍ പഠനം തുടരുന്നതിന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ അനുമതിയില്ല. ഇത് ചോദ്യം ചെയ്തുള്ള ഹ‍ര്‍ജി ഒരു വര്‍ഷത്തിനിപ്പുറവും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ നിവൃത്തിയില്ലാത്ത മടക്കം.