മഴയൊഴിഞ്ഞു വെയിൽ തെളിഞ്ഞു: ജില്ലയിൽ സ്ഥിതി ശാന്തമാകുന്നു; കല്ലറയിൽ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി

മഴയൊഴിഞ്ഞു വെയിൽ തെളിഞ്ഞു: ജില്ലയിൽ സ്ഥിതി ശാന്തമാകുന്നു; കല്ലറയിൽ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ

കോട്ടയം: മഴയൊഴിഞ്ഞ് മാനം തെളിഞ്ഞതോടെ ജില്ലയിൽ വെള്ളിയാഴ്ച ആശ്വാസ ദിനം. ഉച്ചവരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മഴയും ഉരുൾപ്പൊട്ടലുമുണ്ടായിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ ഒഴിഞ്ഞു നിന്നു. എന്നാൽ, കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ദുരിതപ്പെയ്ത്തിൽ നിന്നും ജില്ലയ്ക്ക് ഇനിയും മോചനം നേടാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ മുടങ്ങിയ വൈദ്യുതി വിതരണം ഇനിയും പലയിടത്തും പുനസ്ഥാപിക്കാൻ പോലും സാധിച്ചിട്ടില്ല. മഴയൊഴിഞ്ഞു നിന്നത് കെ.എസ്.ഇബിയ്ക്കും അഗ്നിരക്ഷാ സേനയ്ക്കും ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിലും, മരം വീണ് വൈദ്യുതി മുടങ്ങിയ സ്ഥലങ്ങളിലും രക്ഷാ പ്രവർത്തനം നടത്തുന്നതിന് സഹായകരമായിട്ടുണ്ട്.
കല്ലറ പെരുന്തുരുത്ത് പാടശേഖരത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മണിയൻ തുരുത്ത് വാകത്തറയിൽ തങ്കപ്പനെയാണ് (68) പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
തലയോലപ്പറമ്പിൽ യുപി സ്‌കൂൾ കെട്ടിടത്തിനു മുകളിലെ മരം വെട്ടി നീക്കുന്നതിനിടെ താഴെ വീണ് അഗ്നിരക്ഷാസേനാ ജീവനക്കാരന് പരിക്കേറ്റു. സുരക്ഷാ സംവിധാനങ്ങളില്ലാതെ സ്‌കൂളിനു മുകളിൽ കയറി നിന്ന് മരം വെട്ടി നീക്കുന്നതിനിടെയാണ് കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു.
മുണ്ടക്കയം ക്രോസ് വേയിൽ കുടുങ്ങിയ ആഞ്ഞിലി മരം മുറിച്ചു നീക്കി. ഇതോടെ ക്രോസ് വേയിലെ അപകട ഭീഷണി ഒഴിവാക്കിയിട്ടുണ്ട്. ഇതിനിടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്.