ഒറ്റരാത്രി കൊണ്ട് 10 കിലോമീറ്റർ ചുറ്റളവിൽ നടത്തിയത് നിരവധി മോഷണങ്ങൾ ; അന്തർ ജില്ലാ മോഷ്ടാവിനെ പിടികൂടി പോലീസ്
കോഴിക്കോട് : മാവൂർ പൂവാട്ടുപറമ്പ് മുതല്‍ ചൂലൂർ വരെയുള്ള പത്തു കിലോമീറ്റർ ചുറ്റളവില്‍ ഒരു രാത്രിയില്‍ നിരവധി മോഷണങ്ങള്‍ നടത്തിയ യുവാവിനെ മെഡിക്കല്‍ കോളജ് അസി.കമീഷണർ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി.
മാളിക്കടവ് കരുവിശ്ശേരി മുണ്ട്യാടിത്താഴം സ്വദേശി ജോഷിത്ത് എന്ന കുട്ടൂസനാണ് (33) പിടിയിലായത്. ശനിയാഴ്ച പുലർച്ചെ എരഞ്ഞിപ്പാലം കൊണ്ടൊരു നാഗത്താൻ കാവിന്റെ ഭണ്ഡാരത്തിനടുത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
രാത്രി മുഖംമൂടിയും കൈയുറയും ധരിച്ച് ബൈക്കില്‍ മോഷണത്തിനിറങ്ങുന്ന പ്രതി ആദ്യം കാണുന്ന അമ്ബലത്തില്‍ കയറി ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ ശേഷമാണ് മോഷണ പരമ്ബര ആരംഭിക്കുക. നവംബർ എട്ടിന് രാത്രി മെഡിക്കല്‍ കോളജ് ഭാഗത്തെ ആലുമ്ബിലാക്കല്‍ അമ്ബലത്തില്‍ കവർച്ച നടത്തിയ ശേഷം, പെരുവയല്‍ കട്ടയാട്ട് ക്ഷേത്രം, ചെറൂപ്പ കൂട്ടായി ബസാറിലെ അണിയത്ത് രാജീവിന്റെ ആർ.കെ ഹാർഡ് വെയർ എന്നിവിടങ്ങില്‍ കവർച്ച നടത്തി. തുടർന്ന് ചെറൂപ്പ അങ്ങാടിയിലെ കെ.എം പ്ലൈ പെയിന്റ്സ് ആൻഡ് ഹാർഡ് വേഴ്സിന്റെ പൂട്ട് തകർക്കുന്നതിനിടെ ചില്ല് വാതില്‍ തകർന്നതോടെ ശ്രമം ഉപേക്ഷിച്ചു. ശേഷം മാവൂരിലെത്തി കെട്ടാങ്ങല്‍ റോഡിലെ മില്‍ക്ക് ബൂത്തിലെ പണം കവർന്നു. അതിനുശേഷം സങ്കേതം കുനിയില്‍ ശിവക്ഷേത്രത്തിലും മോഷണം നടത്തി. കൂടാതെ പയ്യോളി, നടുവണ്ണൂർ ഭാഗങ്ങളിലെ കടകളിലും മോഷണം നടത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ നവംബർ 24നും ചെറൂപ്പ കൂട്ടായി ബസാറിലെ ആർ.കെ ഹാർഡ് വെയർ ഷോപ്പില്‍ മറ്റൊരു സംഘത്തോടൊപ്പം ഇയാള്‍ മോഷണം നടത്തിയിരുന്നു. എന്നാല്‍, കടയുടമ മാവൂർ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. പ്രതിയുടെ മുൻകാല ചരിത്രം പരിശോധിച്ച സിറ്റി ക്രൈം സ്ക്വാഡ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പിടിയിലായത്. പ്രതിക്ക് കോഴിക്കോട് സിറ്റി, റൂറല്‍ കണ്ണൂർ, മലപ്പുറം ജില്ലകളില്‍ നിരവധി നിരവധി കേസുകളുണ്ട്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, എ. പ്രശാന്ത്കുമാർ, ഷാഫി പറമ്ബത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, മാവൂർ പൊലീസ്സ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രമേഷ് ബാബു, എസ്.പി.സി.ഒ ഷിബു, സി.പി.ഒ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.