മാവോയിസ്റ്റിനു നേരെയുള്ളത് ഇല്ലാത്ത വെടിയോ: യുഎപിഎ ചുമത്തിയത് ശ്രദ്ധതിരിക്കൽ നാടകമോ..? ജോയ് മാത്യു പറയുമ്പോൾ ഉടലെടുക്കുന്ന സംശയങ്ങൾ ഇങ്ങനെ

മാവോയിസ്റ്റിനു നേരെയുള്ളത് ഇല്ലാത്ത വെടിയോ: യുഎപിഎ ചുമത്തിയത് ശ്രദ്ധതിരിക്കൽ നാടകമോ..? ജോയ് മാത്യു പറയുമ്പോൾ ഉടലെടുക്കുന്ന സംശയങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ
കൊച്ചി: വാളയാറിൽ പെൺകുട്ടികൾക്ക് നീതി നിഷേധിക്കപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ തെരുവിൽ പ്രതിഷേധം ശക്തമാകുമ്പോൾ, അട്ടപ്പാടിയിൽ അപ്രതീക്ഷിതമായി വെടിപൊട്ടിയതിനു പിന്നിൽ ഗൂഡാലോചയോ..?
സംവിധായൻ ജോയ് മാത്യു മുന്നോട്ടു വച്ച സംശയങ്ങളിൽ ഈ മാവോയിസ്റ്റ് വേട്ട ഗൂഡാലോചനയാണോ എന്ന സംശയവും ഉയരുന്നുണ്ട്.
വാളയാറിൽ പെൺകുട്ടികൾക്ക് അതിക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടി വരികയും, ആ കുടുംബത്തിന് നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു അപ്രതീക്ഷിതമായി അട്ടപ്പാടിയിലെ കാടുകളിൽ മാവോയിസ്റ്റുകൾക്കു നേരെ തണ്ടർ ബോൾട്ടിന്റെ വെടിപൊട്ടിയത്.
മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനു പിന്നാലെ രാഷ്ട്രീയമായുണ്ടായ പ്രതികരണങ്ങളാണ് മാവോയിസ്റ്റ് വേട്ടയും തുടർന്നുണ്ടായ സംഭവങ്ങളും കൃത്യമായ തിരക്കഥയുടെ ഭാഗമായിരുന്നോ എന്ന ചർച്ചയിൽ എത്തിച്ചേർന്നിരിക്കുന്നത്.
മാവോയിസ്റ്റുകൾക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പ്പ് കൃത്യമായിരുന്നെങ്കിൽ പോലും പിന്നീട് ചർച്ച വഴിതിരിച്ചു വിടാൻ നടത്തിയ ശ്രമങ്ങളാണ് സംശയാസ്പദമായിരിക്കുന്നത്.
കോഴിക്കോട് പന്തിരാങ്കാവിൽ ലഘുലേഖ കൈവശം വച്ചതിന്റെ പേരിൽ രണ്ടു ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരെ യുഎപിഎ ചുമത്തിയതാണ് ഈ പട്ടികയിൽ ഏറ്റവും ഒടുവിലത്തെ സംഭവം. ഇത് മനപൂർവം ചർച്ച വഴിതിരിച്ചു വിടുന്നതിനു വേണ്ടിയാണ് എന്ന് സംശയിക്കുന്നവരെ കുറ്റംപറയാൻ പറ്റില്ല.
പന്തീരാങ്കാവിലെ കേസ് വാളയാർ സംഭവത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാൻ ഉദ്ദേശിച്ചുള്ളതാണെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായൻ ജോയ് മാത്യു പറയുന്നത്. ഇപ്പോൾ എല്ലാവരും യുഎപിഎ കേസിൻറെ പിറകെയായി. ഇതോടെ വാളയാർ കേസിൽ പെൺകുട്ടികൾക്ക് ലഭിക്കേണ്ട നീതി നിഷേധിക്കപ്പെട്ടുവെന്നും ജോയ് മാത്യു പറഞ്ഞു.
നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യുഎപിഎ ചുമത്തിയതിനെ തള്ളി പറഞ്ഞിരുന്നു. വാർത്താ കുറിപ്പിലൂടെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യുഎപിഎ ചുമത്തിയതിനെ തള്ളി പറഞ്ഞത്. അറസ്റ്റ് സർക്കാരിനെതിരെ തിരിച്ചു വിടാനുള്ള ശ്രമങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.