കേരളത്തില്‍ നടക്കുന്നത് ഒരു കുടുംബത്തിന്റെ കൊള്ള; വീണയുടെ കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് കൂടുതല്‍ പണം  വാങ്ങി; വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍

കേരളത്തില്‍ നടക്കുന്നത് ഒരു കുടുംബത്തിന്റെ കൊള്ള; വീണയുടെ കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് കൂടുതല്‍ പണം വാങ്ങി; വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍

സ്വന്തം ലേഖിക

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ‌്ക്കെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടൻ.

വീണയുടെ കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് കൂടുതല്‍ പണം വാങ്ങി. വീണയുടെ കമ്പനിയുടെ കണക്കുകള്‍ നിരത്തിയായിരുന്നു എംഎല്‍എയുടെ ആരോപണങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

42 ലക്ഷം രൂപ അധികമായി സിഎംആര്‍എല്ലില്‍ നിന്ന് വാങ്ങിയതിന് രേഖകളുണ്ടെന്നും മാത്യു കുഴല്‍നാടൻ പറഞ്ഞു. കൂടാതെ ഈ കമ്പനിയുടെ ഉടമയുടെ ഭാര്യയുടെ കമ്പനിയില്‍ നിന്നും പണം വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.

സിഎംആര്‍എലില്‍നിന്ന് 42,48,000 രൂപ വീണ വാങ്ങി. 2014-15ലാണ് വീണ കമ്പനി ആരംഭിച്ചത്. ഇതിനായി 14 ലക്ഷം രൂപ വീണ നിക്ഷേപിച്ചു. 2015-16 വര്‍ഷം 25 ലക്ഷം വരവുണ്ടായി. ചെലവ് 70 ലക്ഷം. 44 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. പിന്നാലെ സിഎംആര്‍എല്‍ കമ്പനി ഉടമയുടെ ഭാര്യയില്‍ നിന്ന് 25 ലക്ഷം ലഭിച്ചു.

പിറ്റേവര്‍ഷം 37 ലക്ഷം രൂപ നല്‍കി. 2017-18 വര്‍ഷം 20.38 ലക്ഷം രൂപ ലാഭം. പിറ്റേവര്‍ഷം 17 ലക്ഷം രൂപ നഷ്‌ടമുണ്ടായി. പിന്നാലെ കമ്പനിക്കായി വീണ 59 ലക്ഷം രൂപ മുടക്കിയതായും രേഖകള്‍ ചൂണ്ടിക്കാട്ടികൊണ്ട് കുഴല്‍നാടൻ വിവരിച്ചു.

2014ല്‍ തുടങ്ങിയ എക്‌സാ ലോജിക് പ്രവര്‍ത്തനരഹിതമാണെന്നും പ്രവര്‍ത്തിക്കാത്ത കമ്പനിക്ക് ധനസഹായം എങ്ങനെ ലഭിച്ചെന്ന് മാത്യു കുഴല്‍നാടൻ ചോദിച്ചു. കമ്പനി വാങ്ങിച്ച പണം സേവനത്തിനായി ലഭിച്ചതല്ലെന്നും അധികാര സ്ഥാനത്തിരിക്കുന്നവരെ തൃപ്‌തിപ്പെടുത്തുന്നതിനായി നല്‍കിയതാണെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ക്കാരിനെതിരായ പോരാട്ടത്തിന് വലിയ ജനപിന്തുണ ലഭിച്ചെന്ന് മാത്യു കുഴല്‍നാടൻ വ്യക്തമാക്കി. താൻ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്നും പകരം ആരോപണം ഉന്നയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.