ഇനി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നേരിട്ട് പോകണമെന്നില്ല ; വീഡിയോ കോണ്‍ഫറന്‍സ് വഴി രജിസ്‌ട്രേഷന്‍ ലഭ്യമാക്കും ; പൊതു ഉത്തരവിറക്കി മന്ത്രി എം ബി രാജേഷ്
സ്വന്തം ലേഖകൻ
ചെറുതോണി: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇനി നേരിട്ട് പോകണമെന്നില്ല, വീഡിയോ കോണ്‍ഫറന്‍സ് വഴി രജിസ്‌ട്രേഷന്‍ ലഭ്യമാക്കും. ഇടുക്കി ജില്ല തദ്ദേശ അദാലത്തിലാണ് മന്ത്രി എം. ബി രാജേഷ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് മുഖേന ജനനമരണവിവാഹ രജിസ്ട്രാര്‍ കൂടിയായ പഞ്ചായത്ത് സെക്രട്ടറി വി .കെ ശ്രീകുമാര്‍ നല്‍കിയ പരാതിയാണ് സംസ്ഥാനത്തെ വിവാഹിതരാകുന്ന എല്ലാവര്‍ക്കും ഗുണകരമാവുന്ന പൊതുതീരുമാനത്തിലേക്ക് വഴിവെച്ചത്.
ഗ്രാമപഞ്ചായത്തുകളില്‍ വിവാഹ രജിസ്ട്രാര്‍ക്ക് മുമ്പാകെ നേരിട്ട് ഹാജരാകാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്ട്രര്‍ ചെയ്യാന്‍ അനുമതി തേടിയായിരുന്നു പരാതി. 2019ല്‍ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദേശത്തുള്ളവര്‍ക്ക് വിവാഹ രജിസ്ട്രേഷന് ഓണ്‍ലൈനില്‍ ഹാജരാകാനുള്ള പ്രത്യേക ഉത്തരവ് നല്‍കിയിരുന്നു. ഇത് ഇപ്പോഴും തുടരുന്നുണ്ട്, അതേ സമയം ദമ്പതികളില്‍ ഒരാളെങ്കിലും വിദേശത്ത് താമസിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും, അയല്‍സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളാണ് ഉപ്പുതുറ പഞ്ചായത്ത് സെക്രട്ടറി ചൂണ്ടിക്കാട്ടിയത്. നഗരസഭയില്‍ കെ സ്മാര്‍ട്ട് ഏര്‍പ്പെടുത്തിയതോടെ നഗരങ്ങളില്‍ നടക്കുന്ന വിവാഹങ്ങള്‍ ദമ്പതികള്‍ക്ക് വീഡിയോ കെ.വൈസി വഴി എവിടെയിരുന്നും രജിസ്ട്രേഷന്‍ നടത്താന്‍ സൗകര്യമൊരുങ്ങി. എന്നാല്‍ ഗ്രാമപഞ്ചായത്തുകളില്‍ ഈ സേവനം ലഭ്യമായിരുന്നില്ല. പരാതി പരിഗണിച്ച മന്ത്രി എം.ബി രാജേഷ് വീഡിയോ കോണ്‍ഫറന്‍സിലൂടെ രജിസ്ട്രാര്‍ക്ക് മുന്‍പില്‍ ഹാജരാകാനുള്ള സൗകര്യം എല്ലാവര്‍ക്കും ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഗ്രാമപഞ്ചായത്തില്‍ വിവാഹിതരാവുന്ന ദമ്പതികള്‍ക്കും സംയുക്ത അപേക്ഷയിലൂടെ രജിസ്ട്രാര്‍ക്ക് മുന്‍പില്‍ ഓണ്‍ലൈനായി ഹാജരായി വിവാഹം രജിസ്റ്റര്‍ ചെയ്യാം. ഇതിനുള്ള ചട്ടഭേദഗതി ഉടന്‍ കൊണ്ടുവരും. ഗ്രാമപഞ്ചായത്തുകളില്‍ കെ സ്മാര്‍ട്ട് വിന്യസിക്കുന്നത് വരെ ഈ സൗകര്യം തുടരും. കെ സ്മാര്‍ട്ട് വിന്യസിക്കുമ്പോള്‍ വീഡിയോ കെ വൈ സി വഴി എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം പഞ്ചായത്തിലും ഒരുങ്ങും.