ഫ്‌ളാറ്റിൽ നിന്ന് താമസക്കാർ ഒഴിയണമെന്ന നഗരസഭയുടെ നിർദേശം നാളെ അവസാനിക്കും ; ഫ്‌ളാറ്റ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

ഫ്‌ളാറ്റിൽ നിന്ന് താമസക്കാർ ഒഴിയണമെന്ന നഗരസഭയുടെ നിർദേശം നാളെ അവസാനിക്കും ; ഫ്‌ളാറ്റ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

സ്വന്തം ലേഖിക

കൊച്ചി: സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ച് ദിവസത്തിനകം ഫ്ളാറ്റ് ഒഴിഞ്ഞുകൊടുക്കണമെന്നാണ് നഗരസഭയുടെ നിർദ്ദേശം വന്നിരിക്കെ ഫ്ളാറ്റിലെ കുടുംബങ്ങൾ സമരത്തിനൊരുങ്ങുന്നു. ഇന്ന് വിവിധ ഫ്ളാറ്റുകളിലെ ഉടമകൾ യോഗം ചേർന്ന് സമരപരിപാടികൾ ആസൂത്രണം ചെയ്യും. അഞ്ച് ഫ്ളാറ്റുകളിലെ 357 കുടുംബങ്ങൾക്കും മാറാനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെ അനിശ്ചിതകാല സമരമാണ് ഫ്ളാറ്റ് ഉടമകളുടെ പദ്ധതി.

ഫ്ളാറ്റ് ഉടമകളോട് ഒഴിയാൻ ആവശ്യപ്പെട്ട് പത്താം തീയതിയാണ് നഗരസഭ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. കുടുംബങ്ങൾ നോട്ടീസ് കൈപ്പറ്റാതിരുന്നതിനെ തുടർന്ന് നഗരസഭാ സെക്രട്ടറി ഫ്ളാറ്റിന്റെ ചുവരുകളിൽ പതിപ്പിക്കുകയായിരുന്നു. താമസക്കാരെ ബലം പ്രയോഗിച്ച് ഇറക്കിവിടില്ലെങ്കിലും ഫ്ളാറ്റ് പൊളിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് നഗരസഭ. പൊളിക്കാൻ വിദഗ്ധരായ ഏജൻസികളെ കണ്ടെത്തുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ളാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഫ്ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഫ്ളാറ്റുടമകൾ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഓണാവധി കഴിയുന്നതോടെ ഹൈക്കോടതിയെയയും സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ ഈ ഹർജിയും ഫയൽ ചെയ്യും. ഹർജികളിൽ തീർപ്പുണ്ടാകുന്നത് വരെ സമരം തുടരാനാണ് ഫ്ളാറ്റുടമകളുടെ തീരുമാനം. ശനിയാഴ്ച മുതലാണ് അനിശ്ചിതകാല സമരം തുടങ്ങുന്നത്. നഗരസഭ നോട്ടീസ് നൽകിയതിനെതിരെ മരടിലെ ഫ്ളാറ്റ് ഉടമകൾ തിരുവോണനാളിൽ നിരാഹാര സമരം നടത്തിയിരുന്നു.

കോടതി വിധി പ്രകാരം ഫ്ളാറ്റുകൾ സന്ദർശിച്ച ചീഫ് സെക്രട്ടറി ഫ്ളാറ്റുകൾ പൊളിച്ചുമാറ്റാൻ നഗരസഭയ്ക്ക് നിർദ്ദേശം നൽകി. ഇതിന് പിന്നാലെ നഗരസഭാ കൗൺസിൽ യോഗം ചേർന്ന് ഫ്ളാറ്റുകളിൽ നിന്ന് ഒഴിയണമെന്ന് കാണിച്ച് ഫ്ളാറ്റ് ഉടമകൾക്ക് നോട്ടീസ് നൽകുന്നത് അടക്കമുള്ള നടപടികൾ നഗരസഭ കൈക്കൊള്ളുകയായിരുന്നു. സിപിഎം, കോൺഗ്രസ് നേതാക്കളും കഴിഞ്ഞ ദിവസം ഫ്ലാറ്റ് ഉടമകൾക്ക് അനുകൂലമായി രംഗത്ത് വിന്നിരുന്നു. വരും ദിവസം നേതാക്കളും മരടിലെ അഞ്ച് ഫ്ളാറ്റുകൾ സന്ദർശിക്കും.