മരടിലെ കെട്ടിടങ്ങൾ തകർന്നടിയുമ്പോൾ ചർച്ചയാകുന്നത് ജസ്റ്റിസ് അരുൺ മിശ്രയുടെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ

മരടിലെ കെട്ടിടങ്ങൾ തകർന്നടിയുമ്പോൾ ചർച്ചയാകുന്നത് ജസ്റ്റിസ് അരുൺ മിശ്രയുടെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ

 

സ്വന്തം ലേഖിക

ന്യൂഡൽഹി: നിയമംലംഘിച്ചും ഭൂമികൈയേറിയും എത്രയോ നിർമാണങ്ങൾ രാജ്യത്തു നടന്നിരിക്കുന്നു. അതിനാൽ, ഇത്രയും ഭീമാകാരമായ കെട്ടിടങ്ങൾ പൊളിക്കണമെന്ന് സുപ്രീംകോടതി പറയുമോ? ഒരിക്കലുമില്ലെന്ന കെട്ടിടനിർമാതാക്കളുടെ ആത്മവിശ്വാസമാണ് ഇക്കഴിഞ്ഞ മേയ് എട്ടിലെ ഉത്തരവിൽ ഉലഞ്ഞുപോയത്. മരടിലെ ബഹുനില ഫ്‌ളാറ്റുകളെക്കാൾ ഉറപ്പുള്ള ഉത്തരവായിരുന്നു അതെന്ന് തുടർദിവസങ്ങളിൽ വ്യക്തമായി.

കേരളം ഇന്ത്യയിലല്ലേ? നിയമങ്ങൾ കേരളത്തിനും ബാധകമല്ലേ? കേരള ഹൈക്കോടതിയ്ക്കും സുപ്രീംകോടതി ഉത്തരവ് പാലിക്കാൻ ബാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളവുമായി ബന്ധപ്പെട്ട കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് പ്രവേശനം റദ്ദാക്കൽ, സഭാ കേസ് എന്നിവയിലെല്ലാം സുപ്രീംകോടതി ജഡ്ജി അരുൺ മിശ്രയുടെ അചഞ്ചലതയാണ് കണ്ടത്. ഉത്തരവ് നടപ്പാക്കാതിരിക്കാൻ തൊടുന്യായങ്ങളുമായി വന്നവരെ സുപ്രീംകോടതി മുറിയിൽനിന്ന് അദ്ദേഹം അക്ഷരാർഥത്തിൽ വിരട്ടിവിടുകയായിരുന്നു. മരട് ഫ്‌ളാറ്റ് പൊളിച്ചുനീക്കാത്തതിന് ചീഫ് സെക്രട്ടറി ടോം ജോസിനെ നേരിട്ട് വിളിച്ചുവരുത്തി ശകാരിച്ചു.

ജസ്റ്റിസ് അരുൺ മിശ്രയ്‌ക്കെന്താ കേരളത്തോടിത്ര വിരോധമെന്ന് സുപ്രീംകോടതി വരാന്തയിൽ പലരും ചോദിക്കാറുണ്ട്. കണ്ണൂർ, കരുണ ഓർഡിനൻസ്, ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കം തുടങ്ങി മരട് ഫ്‌ളാറ്റ് കേസിൽവരെ സംസ്ഥാന സർക്കാരിനെ ജസ്റ്റിസ് മിശ്ര നിർത്തിപ്പൊരിച്ചു.

വേമ്പനാട്ടു കായലിലെ കാപ്പികോ റിസോർട്ട് പൊളിക്കേണ്ടി വന്ന ഉത്തരവിന് കാരണവും മരട് ഇഫക്ടാണ്.

എന്തൊക്കെയോ കാരണങ്ങളാൽ ഈ കേസുകളിലൊന്നും ജസ്റ്റിസ് മിശ്രയുടെ ഉത്തരവുകൾ കേരളത്തിൽ പാലിക്കപ്പെട്ടില്ലെന്നതാണ് പ്രശ്‌നമായത്.

മരട് സുപ്രീംകോടതിയിലെത്തിയപ്പോൾ തീരപരിപാലന ചട്ടം ലംഘിച്ചെന്നുകാട്ടി മരടിലെ ഫ്‌ളാറ്റ് നിർമാതാക്കൾക്ക് പഞ്ചായത്ത് അയച്ച കാരണംകാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരേ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചു.

ഹർജി കണ്ടപ്പോൾത്തന്നെ, ജസ്റ്റിസ് മിശ്ര ചോദിച്ചു, ഇത് ഹൈക്കോടതി പരിശോധിച്ചാൽപ്പോരേ? എന്നാൽ, സുപ്രീംകോടതി പരിഗണിച്ചാൽ മതിയെന്ന് നിർമാതാക്കൾ പറഞ്ഞതോടെ ജസ്റ്റിസ് മിശ്ര സമ്മതിച്ചു. പിന്നെക്കണ്ടതെല്ലാം സിനിമാക്കഥയെ വെല്ലുന്ന രംഗങ്ങൾ.

ഒരുമാസത്തിനകം ഫ്‌ളാറ്റുകൾ പൊളിച്ച് റിപ്പോർട്ട് നൽകണമെന്ന് മേയ് എട്ടിന് ഉത്തരവ് വന്നപ്പോൾ പരാതിക്കാർപോലും ഞെട്ടി. ഇത്തരം കേസുകളിൽ പൊതുവേ സംഭവിക്കാറുള്ളതുപോലെ നിർമാതാക്കൾക്ക് വൻതുക പിഴചുമത്തുമെന്നേ അവരും പ്രതീക്ഷിച്ചിരുന്നുള്ളൂ.

ഫ്‌ളാറ്റ് പൊളിക്കാനുള്ള ഉത്തരവ് വരുന്നതുവരെ ഫ്‌ളാറ്റുടമകൾ സുപ്രീംകോടതിയിലെത്തിയിരുന്നില്ല. നൂറുകണക്കിന് കുടുംബങ്ങൾ വർഷങ്ങളായി താമസിക്കുന്ന ഫ്‌ളാറ്റുകളാണിവയെന്ന വിവരം കോടതി വ്യക്തമായി അറിഞ്ഞിരുന്നോയെന്നുപോലും സംശയംമുണ്ട്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉടൻതന്നെ പുനഃപരിശോധനാ ഹർജി നൽകലായിരുന്നു നിയമപരമായ മാർഗമെന്ന് പലരുംചൂണ്ടിക്കാട്ടി. എന്നാൽ അതിനുപകരം, കോടതിയുത്തരവ് ചോദ്യംചെയ്യുംവിധം പലതരം റിട്ട് ഹർജികളെത്തിയതും ജസ്റ്റിസ് മിശ്രയെ ചൊടിപ്പിച്ചു.

ഉത്തരവ് സ്റ്റേ ചെയ്യാൻ ജസ്റ്റിസ് മിശ്ര വിസമ്മതിച്ചതിനുപിന്നാലെ അവധിക്കാലത്ത് മറ്റൊരു ബെഞ്ചിൽനിന്ന് റിട്ട് ഹർജിക്കാർ സ്റ്റേ വാങ്ങിയതും അദ്ദേഹത്തെ ചൊടിപ്പിച്ചു. സ്റ്റേ നൽകിയ ബെഞ്ചിനെതിരേ വാക്കാൽ പരാമർശം നടത്താൻപോലും ജസ്റ്റിസ് മിശ്ര മടിച്ചില്ല.

സ്വമേധയാ ലിസ്റ്റ് ചെയ്ത് ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി പുനഃപരിശോധനാ ഹർജിയും കോടതി തള്ളിയതോടെ ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച് റിപ്പോർട്ടുകളെന്തെങ്കിലും എത്തിയിട്ടുണ്ടോയെന്ന് ജസ്റ്റിസ് മിശ്ര രജിസ്ട്രിയിൽ പരിശോധിച്ചുവെന്നാണറിയുന്നത്. റിപ്പോർട്ട് നൽകിയില്ലെന്നുമാത്രമല്ല, ആരും കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുമില്ലെന്ന് വ്യക്തമായതോടെ കേസ് വീണ്ടും സ്വമേധയാ ലിസ്റ്റ് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു.

ഉടൻ ഫ്‌ളാറ്റുകൾ പൊളിക്കാത്ത പക്ഷം ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാവാനും കോടതി ആവശ്യപ്പെട്ടു. നേരിട്ട് ഹാജരായ ചീഫ് സെക്രട്ടറി ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന്റെ വിശദമായ പദ്ധതി തന്നെ സമർപ്പിച്ചപ്പോഴാണ് ജസ്റ്റിസ് മിശ്ര അല്പം തണുത്തത്.