മണ്ണെടുപ്പ്‌ തട്ടിപ്പ്‌ സംഘം തെക്കന്‍ ജില്ലകളില്‍ സജീവം

മണ്ണെടുപ്പ്‌ തട്ടിപ്പ്‌ സംഘം തെക്കന്‍ ജില്ലകളില്‍ സജീവം

സ്വന്തം ലേഖകൻ

ആലപ്പുഴ :കുന്നുകളുള്ള ഭൂമി കാട്ടി മണ്ണെടുക്കാന്‍ അനുമതിയുണ്ടെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ പണം തട്ടുന്ന സംഘം തെക്കന്‍ ജില്ലകളില്‍ സജീവം.

ദേശീയപാതാ വികസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ്‌ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ സംഘങ്ങള്‍ വ്യാപകമായി പണം തട്ടുന്നതായി പരാതികള്‍ ഉയരുന്നത്‌. വിദേശ രാജ്യങ്ങളിലും മറ്റുമുള്ള ഭൂഉടമകളുടെ ബിനാമികളായി ചമഞ്ഞാണ്‌ ഇവര്‍ ആളുകളെ സമീപിക്കുന്നത്‌.
വിവിധയിടങ്ങളില്‍ മണ്ണെടുക്കാന്‍ ലഭിച്ചിട്ടുള്ള ലൈസന്‍സുകളുടെ മറവിലാണ്‌ തട്ടിപ്പ്‌. മലനിരകളുള്ള വസ്‌തുക്കള്‍ കാട്ടിയാണ്‌ ഇവര്‍ ഇടപാടുകാരെ വലയില്‍ വീഴ്‌ത്തുന്നത്‌. 20 ഏക്കര്‍ സ്‌ഥലത്തിന്‌ 45 ലക്ഷം രൂപ വരെയാണ്‌ മണ്ണെടുപ്പിനായി വില പറയുന്നത്‌.
മണ്ണെടുക്കാനുള്ള അനുമതികള്‍ ലഭ്യമാക്കി തരാമെന്നും ഭൂമി പാട്ടത്തിനെടുത്താല്‍ പോലും സാമ്ബത്തിക ലാഭമുണ്ടാകുമെന്നുള്ള വാഗ്‌ദാനം നല്‍കിയാണ്‌ ലക്ഷങ്ങള്‍ ടോക്കണ്‍ അഡ്വാന്‍സായി വാങ്ങുന്നത്‌.
ആലപ്പുഴ ജില്ലയിലെ പാലമേല്‍, ആദിക്കാട്ടുകുളങ്ങര, കുടശനാട്‌ തുടങ്ങിയ സ്‌ഥലങ്ങളിലും ഭൂമി ഇടപാടുകാരായി ചമഞ്ഞ്‌ സംഘങ്ങള്‍ തട്ടിപ്പിന്‌ ശ്രമിക്കുന്നതായി പരാതികള്‍ വ്യാപകമാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :