play-sharp-fill
അപകട ഭീഷണി ; 6 കോടി നൽകിയിട്ടും  മണിയാർ ബാരേജിന്റെ കാലപ്പഴക്കം ചെന്ന ഷട്ടറുകൾ ഇനിയും മാറ്റി സ്ഥാപിച്ചില്ല ;  ജലസേചനവകുപ്പിന്റെ വീഴ്ചയെന്ന് നാട്ടുകാർ

അപകട ഭീഷണി ; 6 കോടി നൽകിയിട്ടും മണിയാർ ബാരേജിന്റെ കാലപ്പഴക്കം ചെന്ന ഷട്ടറുകൾ ഇനിയും മാറ്റി സ്ഥാപിച്ചില്ല ; ജലസേചനവകുപ്പിന്റെ വീഴ്ചയെന്ന് നാട്ടുകാർ

പത്തനംതിട്ട :  മണിയാർ ബാരേജിന്‍റെ കാലപ്പഴക്കം ചെന്ന ഷട്ടറുകള്‍ മാറ്റിസ്ഥാപിക്കുന്നതില്‍ ജലസേചനവകുപ്പിന് ഗുരുതര വീഴ്ച.

സ്വകാര്യ കമ്ബനിക്ക് കരാർ നല്‍കി രണ്ട് വർഷമാകുമ്ബോഴും ഷട്ടറുകളില്‍ ഒരെണ്ണം പോലും മാറ്റിസ്ഥാപിച്ചില്ല. വലിയ അപകടഭീഷണിയാണ് നിലനില്‍ക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

മഴ കനത്ത് ബാരേജ് നിറഞ്ഞാല്‍ ജലനിരപ്പ് ക്രമീകരിച്ച്‌ പ്രളയക്കെടുതി ഒഴിവാക്കാൻ അഞ്ച് ഷട്ടറുകളും കൃത്യമായി തുറക്കണം. എന്നാല്‍ അഞ്ചെണ്ണത്തിന്‍റെയും അവസ്ഥപരിതാപരമാണ്. ഒന്നും മൂന്നും ഷട്ടറുകള്‍ ഉയർത്തണമെങ്കില്‍ ജീവനക്കാർ പെടാപ്പാട് പെടണം. രണ്ട്, നാല് ഷട്ടറുകള്‍ക്ക് വലിയ കുഴപ്പമില്ല. അഞ്ചാമത്തെ ഷട്ടർ തെന്നിമാറി ഒരു വശത്തേക്ക് പോയി. തുറക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലപ്പഴക്കം ചെന്ന അഞ്ച് ഷട്ടറുകളും അടിയന്തരമായി മാറ്റി പുതിയത് സ്ഥാപിക്കാൻ പ്രളയശേഷം തീരുമാനമെടുത്തതാണ്. ഒടുവില്‍, 2022 ജൂലൈയില്‍ കൊല്‍ക്കത്ത ആസ്ഥാനമായ സ്വകാര്യ കമ്ബനിക്ക് ആറു കോടി ചെലവില്‍ കരാ‍ർ നല്‍കി. എന്നാല്‍ ഷട്ടർ ഗേറ്റുകള്‍ മണിയാറില്‍ എത്തിച്ചതല്ലാതെ ഒരുപണിയും നടന്നില്ല. വീണ്ടുമൊരു മഴക്കാലമെത്തുമ്ബോള്‍ പഴകിയ ഷട്ടറുകള്‍ വെച്ചുതന്നെ ഉദ്യോഗസ്ഥർക്ക് ജലനിരപ്പ് ക്രമീകരിക്കേണ്ട ദുരവസ്ഥ, ഒപ്പം ജനങ്ങളും കടുത്ത ആശങ്കയിലാണ്.

പമ്ബ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മണിയാർ ബാരേജിലേക്ക്, രണ്ട് സ്വകാര്യ ജലവൈദ്യുതപദ്ധതികളിലെ വെള്ളംകൂടി എത്തും. അതിതീവ്രമഴ വന്നാല്‍ അത്രപെട്ടെന്ന് പഴക്കംചെന്ന ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കാൻ പറ്റുമോയെന്നാണ് ആശങ്ക. കരാറെടുത്ത കമ്ബനിയെ കൊണ്ട് തന്നെ ഉടൻ അറ്റകുറ്റപ്പണി നടത്തും. ഓഗസ്റ്റില്‍ പുതിയ ഷട്ടറുകള്‍ സ്ഥാപിക്കും. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ഉദ്യോഗസ്ഥ വിശദീകരണം. കരാറുകാരനെ കൊണ്ട് കൃത്യമായി ജോലികള്‍ പൂർത്തിയാക്കാത്ത ജലസേചന വകുപ്പിന്‍റെ ഭാഗത്ത് ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് നിസ്സംശയം പറയേണ്ടിവരും.