കാത്തിരുന്ന കൺമണിയെ കാണാനാകാതെ ജിസ് യാത്രയായി; മണിമലയിൽ വാഹനാപകടത്തിൽ സഹാേദരങ്ങൾ മരിച്ചതറിഞ്ഞ നടുക്കത്തിൽ ബന്ധുക്കളും നാട്ടുകാരും
സ്വന്തം ലേഖിക
കോട്ടയം: കാത്തിരുന്ന കൺമണിയെ കാണാനാകാതെ ജിസ് യാത്രയായി.
ഈസ്റ്റർ ദിനമായ മണിമല ഇന്നലെയുണർന്നത് സഹോദരങ്ങളായ ജിസിന്റെയും ജിൻസിന്റെയും വിയോഗവാർത്തയോടെയാണ്. നിയന്ത്രണം തെറ്റിയെത്തിയ കാർ ഇരുവരും സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ചുവർഷം മുമ്പ് വിവാഹിതരായ ജിസ് അൻസു ദമ്പതികൾക്ക് നീണ്ട നാളത്തെ ചികിൽസയ്ക്ക് ശേഷം കുഞ്ഞ് പിറക്കാനിരിക്കെയാണ് ജിസിന്റെ വിയോഗം. മൂന്നു മാസം ഗർഭിണിയാണ് അൻസു.
ശനിയാഴ്ച രാവിലെ അൻസു ജോലി ചെയ്യുന്ന പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ സ്കാനിംങ്ങ് നടത്തി വീട്ടിലെത്തിയ ശേഷം ജിസ് അനിയൻ ജിൻസുമായി കറുകച്ചാലിലുള്ള അമ്മയുടെ സഹോദരങ്ങളെ സന്ദർശിച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങവേയാണ് ദുരന്തമുണ്ടായത്.
നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവരാണ് ജിസും ജിൻസും. എല്ലാകാര്യങ്ങളിലും പുഞ്ചിരിയോടെ ഓടിയെത്തിയിരുന്ന ഇരുവരും ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല.
മിതമായ വേഗത്തിൽ മാത്രം സൂക്ഷിച്ച് വാഹനം ഓടിച്ചിരുന്ന ജിസിന് അപകടമുണ്ടായത് വിശ്വസിക്കാനാവുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതായത്. മേസ്തിരി പണിക്കാരനായ യോഹന്നാനും(62) സിസമ്മയ്ക്കും (60) രണ്ടു മക്കളേയും നഷ്ടമായതോടെ കുടുംബത്തിന്റെ സ്വപ്നങ്ങളാണ് ഇല്ലാതായത്.
വാടകയ്ക്ക് താമസിക്കുന്ന ജിസിന്റെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. ഇതിനായി ആറു സെന്റ് സ്ഥലത്തിന് അഡ്വാൻസ് നൽകിയിരുന്നു.