33 വർഷങ്ങൾക്ക് ശേഷം രജിനികാന്തും മണിരത്നവും വീണ്ടും ഒന്നിക്കുന്നു ; ഔദ്യോഗിക പ്രഖ്യാപനം രജിനികാന്തിന്റെ പിറന്നാൾ ദിനത്തിൽ
സ്വന്തം ലേഖകൻ
നീണ്ട 33 വർഷങ്ങൾക്ക് ശേഷം രജിനികാന്തും മണിരത്നവും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. രജിനികാന്തിന്റെ പിറന്നാൾ ദിനമായ ഡിസംബർ 12-ാം തീയതി ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1991 ൽ പുറത്തിറങ്ങിയ ദളപതിയായിരുന്നു ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം.
മഹാഭാരതത്തിലെ കർണ്ണ-ദുര്യോധന സൗഹൃദത്തെ ആസ്പദമാക്കി ഒരുങ്ങിയ സിനിമയിൽ സൂര്യ എന്ന കഥാപാത്രത്തെയാണ് രജിനികാന്ത് അവതരിപ്പിച്ചത്. മമ്മൂട്ടിയും സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇരുവർക്കും പുറമെ അംരീഷ് പുരി, ശോഭന, ഗീത, അരവിന്ദ് സ്വാമി, ഭാനുപ്രിയ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇളയരാജയായിരുന്നു സിനിമയ്ക്ക് സംഗീതം ഒരുക്കിയത്. ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ദളപതി. കമൽ ഹാസൻ നായകനായെത്തുന്ന തഗ് ലൈഫിന്റെ പണിപ്പുരയിലാണ് മണിരത്നമിപ്പോൾ. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ചിമ്പു, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലെത്തുന്നത്. കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.