മൂന്നരപ്പതിറ്റാണ്ടിന്‍റെ കാത്തിരിപ്പ്; മൂന്നുഘട്ടമായി നിർമാണം പൂർത്തിയായ ഏറ്റുമാനൂർ പട്ടിത്താനം-മണർകാട് ബൈപ്പാസ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിനു സമർപ്പിച്ചു
ഏറ്റുമാനൂർ: മൂന്നരപ്പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനു ശേഷം ഏറ്റുമാനൂർ– പൂഞ്ഞാർ സംസ്ഥാന പാതയിൽ പാറകണ്ടം മുതൽ പട്ടിത്താനം വരെയുള്ള 1.8 കിലോമീറ്റർ ബൈപാസ് റോഡ് നാടിനു സമർപ്പിച്ചു.
പാറകണ്ടം ജങ്ഷനിൽ പൊതുമരാമത്ത്-ടൂറിസം-യുവജനക്ഷേമകാര്യ വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്തു.. സഹകരണ-സാംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു
എം.സി. റോഡിൽ പട്ടിത്താനം ജംഗ്ഷനിൽ നിന്നാരംഭിച്ച് ദേശീയപാത 183ൽ മണർകാട് ജങ്ഷനിൽ എത്തിച്ചേരുന്ന ബൈപാസിനു 13.30 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. മൂന്നുഘട്ടമായാണ് നിർമാണം പൂർത്തിയാക്കിയത്.1.80 കിലോമീറ്റർ വരുന്ന അവസാനഘട്ടം കൂടി പൂർത്തിയായതതോടെയാണ് ബൈപാസ് പൂർണതോതിൽ സജ്ജമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവല്ല രാമൻചിറയിൽ നിന്നാരംഭിക്കുന്ന ബൈപാസ് കൂടി ചേരുമ്പോൾ രാമൻചിറ– പെരുന്തുരുത്തി– പട്ടിത്താനം ബൈപാസ് മധ്യകേരളത്തിലെ യാത്രയ്ക്കും വികസനത്തിനും കൂടുതൽ ഊർജം പകരും. ബൈപാസിന്റെ സാധ്യതകളിലൂടെ ഒരു യാത്ര…
പാത തുറക്കുന്ന സാധ്യതകൾ
∙ ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ എന്നീ തിരക്കേറിയ ടൗണുകൾ ഒഴിവാക്കി എംസി റോഡ് വഴി യാത്ര സാധ്യമാകും. പെരുന്തുരുത്തിയിൽ നിന്നു 2.1 കിലോമീറ്റർ എംസി റോഡ് വഴി തിരുവല്ല ഭാഗത്തേക്കു മുന്നോട്ടു പോയാൽ രാമൻചിറയിൽ നിന്നു തിരുവല്ല ബൈപാസിലേക്കു പ്രവേശിക്കാം. ഫലത്തിൽ തിരുവല്ല ടൗണിലെ തിരക്ക് ഒഴിവാക്കിയും യാത്ര സാധ്യം. തിരുവല്ല ബൈപാസ് വഴി പത്തനംതിട്ടയ്ക്കും തുടർയാത്ര ചെയ്യാം.
∙ മൂവാറ്റുപുഴ, എറണാകുളം ഭാഗത്തു നിന്നു വരുന്നവർക്ക് ഏറ്റുമാനൂർ, കോട്ടയം കറങ്ങാതെ നേരിട്ട് ദേശീയപാത 183ൽ മണർകാട്ട് എത്താം. ബൈപാസ് റോഡ് വഴി പുതുപ്പള്ളിയിൽ എത്തിയാൽ എരുമേലി റോഡിൽ പ്രവേശിക്കാം. ശബരിമല തീർഥാടകർക്കും പ്രയോജനം. മൂവാറ്റുപുഴ, എറണാകുളം ഭാഗത്തു നിന്നു വരുന്നവർക്കു പാലാ റോഡിലേക്കും വേഗത്തിൽ എത്താം.
∙ മുണ്ടക്കയം അടക്കമുള്ള കിഴക്കൻ മേഖലയിൽ നിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകുന്നവർക്കു ദേശീയപാതയിൽ മണർകാട്ടു നിന്നു തിരിഞ്ഞ് സമാന്തര പാത വഴി പൂവത്തുംമൂട്, പേരൂർ കവലകളിൽ എത്തി തിരിഞ്ഞ് ആശുപത്രിയിലേക്കു പോകാം.
∙ സമാന്തര പാതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എംസി റോഡിലേക്ക് വഴികളുണ്ട്. ഇതും പ്രയോജനപ്പെടുത്താം.
∙ പനച്ചിക്കാട് ക്ഷേത്രം, മണർകാട് പള്ളി, പുതുപ്പള്ളി പള്ളി തുടങ്ങിയ ആരാധനാ കേന്ദ്രങ്ങളിലേക്കു തിരിയാനും സമാന്തര പാത വഴി എത്തിയാൽ സാധിക്കും.
∙ തിരുവല്ല ഭാഗത്തു നിന്നു ദേശീയ പാത 183ൽ വേഗത്തിൽ എത്താം. ഇതു വഴി ഹൈറേഞ്ച് യാത്രയും വേഗത്തിലാകും.
∙ നാലുമണിക്കാറ്റ് വഴിയോര വിശ്രമ കേന്ദ്രം പാതയിൽ സ്ഥിതി ചെയ്യുന്നു. ഇത്തരത്തിൽ വിനോദ വ്യാപാര സാധ്യതകളും പാത തുറക്കുന്നു.
∙ ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട് ബസ് സ്റ്റാൻഡുകൾ ബൈപാസിനു സമീപത്തായി സ്ഥിതി ചെയ്യുന്നു.