വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും ലക്ഷങ്ങൾ തട്ടി: മണർകാട് സ്വദേശി പൊലീസ് പിടിയിലായി
തേർഡ് ഐ ബ്യൂറോ
കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു നിരവധി യുവാക്കളിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. സിംഗപ്പൂർ , മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കു വിസയും ജോലിയും വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ കേസിൽ മണർകാട് ബദേൽ ഭവനിൽ ടിനു യോഹന്നാനെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. എരുമേലി, പിറവം പൊലീസ് സ്റ്റേഷനുകളിൽ സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ കേസും നിലവിലുണ്ട്. ഈ കേസുകളിൽ പ്രതിയായതോടെ ഇയാൾ ഒന്നര വർഷത്തോളമായി ഒളിവിൽ കഴിയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു ഇയാൾക്കെതിരെ പരാതി വ്യാപകമായതോടെ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ ഇയാളെ കണ്ടെത്തുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുകയായിരുന്നു. തുടർന്നു കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി കെ.എൽ സലിമോന്റെ നേതൃത്വത്തിൽ മണർകാട് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.സി മനോജ്കുമാർ, സബ് ഇൻസ്‌പെക്ടർ പി.എസ് അനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.അനിൽ, സിവിൽ പൊലീസ് ഓഫിസർ കുര്യാക്കോസ്, സിവിൽ പൊലീസ് ഓഫിസർ ബി.മനോജ്കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.