play-sharp-fill
പക്ഷിപ്പനി: മണര്‍കാട് സർക്കാർ പക്ഷിവളർത്തല്‍ കേന്ദ്രത്തിലെ മരങ്ങള്‍ വെട്ടിമാറ്റും ; വെട്ടിമാറ്റുന്നത് അണുമുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ; 101 മരങ്ങള്‍ ലേലം, ക്വട്ടേഷൻ ക്ഷണിച്ചു ; ഫാം പുന:രാരംഭിക്കാനുള്ള തീരുമാനം പാതിവഴിയിൽ

പക്ഷിപ്പനി: മണര്‍കാട് സർക്കാർ പക്ഷിവളർത്തല്‍ കേന്ദ്രത്തിലെ മരങ്ങള്‍ വെട്ടിമാറ്റും ; വെട്ടിമാറ്റുന്നത് അണുമുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ; 101 മരങ്ങള്‍ ലേലം, ക്വട്ടേഷൻ ക്ഷണിച്ചു ; ഫാം പുന:രാരംഭിക്കാനുള്ള തീരുമാനം പാതിവഴിയിൽ

സ്വന്തം ലേഖകൻ

കോട്ടയം : പക്ഷിപ്പനിയെ തുടർന്ന് അടച്ചുപൂട്ടിയ മണർകാട്ടെ സർക്കാർ പക്ഷിവളർത്തല്‍ കേന്ദ്രം അണുമുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ചുറ്റുമുള്ള മരങ്ങള്‍ വെട്ടിമാറ്റും. 101 മരങ്ങള്‍ ലേലം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. അതേസമയം ഫാം പ്രവർത്തനം പുന:രാരംഭിക്കുന്നതില്‍ തീരുമാനമായില്ല.

കഴിഞ്ഞ മേയിലാണ് ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് 9,122 കോഴികളെ കൊന്നൊടുക്കിയിരുന്നു. ആറുമാസത്തിനുള്ളില്‍ തുറക്കുമെന്നായിരുന്നു പറഞ്ഞത്. ഈ മാസം തുറക്കേണ്ടതാണെങ്കിലും ഇതുവരെ സാനിറ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഡിസംബർ 31 വരെ മണർകാട് ഉള്‍പ്പെടെ പക്ഷികളെ വളർത്തുന്നതിന് നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തില്‍ ജനുവരിയിലെങ്കിലും പ്രവർത്തനം തുടങ്ങാനാകുമെന്ന പ്രതീക്ഷയാണ് ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുറ്റുമുള്ള മരങ്ങള്‍ വളർന്ന് ഫാമിന് മുകളിലേയ്ക്ക് ചാഞ്ഞ നിലയിലാണ്. ഇവിടെ പറന്നിരിക്കുന്ന മറ്റ് പക്ഷികളില്‍ നിന്ന് വൈറസ് പടർന്നതെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് മരങ്ങള്‍ മുറിക്കുന്നത്. മഹാഗണി, പന, മറ്റ് പാഴ്‌മരങ്ങള്‍ എന്നിവയാണ് ചുറ്റും. മരങ്ങള്‍ മുറിക്കുന്നതോടെ സ്വാഭാവിക തണല്‍ നഷ്ടമാകുമെന്ന ആശങ്കയുമുണ്ട്. എന്നാല്‍ പുറത്തു നിന്നുള്ള പക്ഷികളുടെ സാന്നിദ്ധ്യം ഒഴിവാക്കുകായാണ് ലക്ഷ്യം.

സർക്കാ‌ർ സ്ഥാപനമായതിനാല്‍ നഷ്ടം കണക്ക് കൂട്ടിയില്ലെങ്കിലും കോഴികളെ കൊന്നതും ഫാം പൂട്ടിയതും മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവരെയുണ്ടായത്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ വരുമാനം പൂർണമായും നിലച്ചു. ആറുമാസമായി അടഞ്ഞു കിടക്കുന്ന ഫാമില്‍ നിന്ന് ഇതിനോടകം ലക്ഷക്കണക്കിന് മുട്ടയും കുഞ്ഞുങ്ങളേയും ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്നു. ഫാം തുറന്നാല്‍ മണ്ണുത്തിയില്‍ നിന്ന് 1500 -2000 കോഴികളെ എത്തിച്ച്‌ വളർത്തണം. മുട്ടവിരിഞ്ഞ് 24 – 28 ആഴ്ച വരെയെടുക്കും പ്രവർത്തനം പൂർണതോതിലാകാൻ.