വയലില്‍ നിന്ന് പണി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാട്ടാനയുടെ ആക്രമണം ; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു
സ്വന്തം ലേഖകൻ
കല്‍പ്പറ്റ: വയനാട് നൂല്‍പ്പുഴ കല്ലുമുക്കില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കല്ലൂര്‍ മാറോട് ഊരിലെ രാജുവാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആനയുടെ ആക്രമണത്തില്‍ രാജുവിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. വീട്ടില്‍ നിന്ന് 50 മീറ്റര്‍ അകലെയുള്ള വയലില്‍ നിന്ന് പണി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. പിന്നില്‍ നിന്ന് ഓടിയെത്തിയാണ് കാട്ടാന ആക്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.
പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്. ഇതിന് ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഒന്നരമണിക്കൂര്‍ നേരം ദേശീയപാത ഉപരോധിച്ചിരുന്നു. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന വ്യാപിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നാട്ടുകാര്‍ ഉന്നയിച്ചത്.