സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യണമെന്ന് അഭിഭാഷകൻ; ലിവിങ് ടുഗദറുകാരനെ കൊലപ്പെടുത്തിയത് ലൈംഗിക വൈകൃതങ്ങള്‍ സഹിക്ക വയ്യാതെ എന്ന വാദം വിലപ്പോയില്ല; ഭർത്താവ് അല്ലെന്ന വാദം കോടതി പോലും അംഗീകരിച്ചില്ല; യെമന്‍ പൗരനെ വധിച്ച കേസില്‍ മലയാളി നഴ്‌സ് നിമിഷ പ്രിയ ഇനി പ്രതീക്ഷിക്കുന്നത് കോടതിയുടെ കാരുണ്യം; വിധി ജനുവരി മൂന്നിന്

സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യണമെന്ന് അഭിഭാഷകൻ; ലിവിങ് ടുഗദറുകാരനെ കൊലപ്പെടുത്തിയത് ലൈംഗിക വൈകൃതങ്ങള്‍ സഹിക്ക വയ്യാതെ എന്ന വാദം വിലപ്പോയില്ല; ഭർത്താവ് അല്ലെന്ന വാദം കോടതി പോലും അംഗീകരിച്ചില്ല; യെമന്‍ പൗരനെ വധിച്ച കേസില്‍ മലയാളി നഴ്‌സ് നിമിഷ പ്രിയ ഇനി പ്രതീക്ഷിക്കുന്നത് കോടതിയുടെ കാരുണ്യം; വിധി ജനുവരി മൂന്നിന്

സ്വന്തം ലേഖിക

സന: യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ(33) മോചനത്തില്‍ തീരുമാനം അറിയാന്‍ നാല് ദിവസം കൂടി കാത്തിരിക്കണം.

യെമന്‍ തലസ്ഥാനമായ സനയില്‍ അപ്പീല്‍ കോടതിയിലെ വാദം കേള്‍ക്കല്‍ ഇന്നലെ പൂര്‍ത്തിയായി. ശിക്ഷയില്‍ ഇളവു ലഭിക്കുന്ന കാര്യത്തില്‍ അന്തിമവിധി ജനുവരി 3ന് ഉണ്ടായേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണു നിമിഷയുടെ അഭിഭാഷകന്‍ വാദിച്ചത്. കൂടുതലെന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ അതു ജനുവരി 3നു പറയണമെന്നാണു കോടതി നിര്‍ദ്ദേശം.

2017 ജൂലൈയിലാണ് സംഭവം നടക്കുന്നത്. ഓഗസ്റ്റിലാണ് നിമിഷ അറസ്റ്റിലാകുന്നത്. വിചാരണയ്ക്കുശേഷം 2018-ലാണ് യെമന്‍ കോടതി നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. വധശിക്ഷ ഇളവുചെയ്യണമെന്നാവശ്യപ്പട്ട് ഇവരുടെ അമ്മ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മഖേന നിവേദനം നല്‍കിയെങ്കിലും പരിഗണിച്ചില്ല. ശിക്ഷയിളവ് ലഭിക്കാന്‍ അപ്പീല്‍ നല്‍കാന്‍ കുടുംബസ്വത്തടക്കം വിറ്റ് ബന്ധുക്കള്‍ പണം കോടതിയില്‍ കെട്ടിവെച്ചിരുന്നു.

പാലക്കോട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ. ഭര്‍ത്താവായ യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്‌സ് ഹനാനെ നേരത്തെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു.

വിവാഹം ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍

തൊടുപുഴക്കാരനായ ടോമിയെ പ്രണയിച്ചാണ് നിമിഷ വിവാഹം ചെയ്യുന്നത്. അതും ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍. 2011 ജൂണ്‍ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം. വിവാഹ ശേഷം ഇരുവരും യെമനിലേക്ക് ജോലിക്ക് പോയി. ഒരു കുഞ്ഞും പിറന്നു. പിന്നീട് കുടുംബം വര്‍ഷങ്ങള്‍ക്കുശേഷം തിരികെയെത്തുകയും ചെയ്തു. നിമിഷയുടെ ഭര്‍ത്താവും മകളും തൊടുപുഴയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അമ്മയും സഹോദരിയും ആലുവയിലും. ഇവരുമായി നിമിഷയ്ക്ക് അടുത്തകാലത്തൊന്നും യാതൊരു അടുപ്പവുമില്ല.

വിവാഹ ശേഷം യമനിലേക്ക് പോയ നിമിഷയും ഭര്‍ത്താവും നാട്ടില്‍ വന്നപ്പോള്‍ എല്ലാവരും സന്തോഷത്തിലായിരുന്നു. ഇപ്പോള്‍ കൊല്ലപ്പെട്ട യമന്‍ സ്വദേശിയായ യുവാവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഈ സുഹൃത്തുമായുള്ള ബന്ധം വഴിവിട്ടതായതോടെയാണ് ഭര്‍ത്താവ് ടോമി അകലുന്നതും പിന്നീട് നിമിഷ മകളെയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച്‌ ഗള്‍ഫില്‍ തന്നെ താമസം തുടരുന്നതും. ഇതോടെ വീടുമായും നാടുമായും നിമിഷ അകന്നു.

നിമിഷ പറഞ്ഞ കഥ

ക്ലിനിക്ക് തുടങ്ങിയപ്പോള്‍ കരാറെഴുതിയെങ്കിലും എല്ലാം തലാലിന്റെ പേരിലായിരുന്നു. അറബിയിലായിരുന്നതിനാല്‍ അത് മനസ്സിലായിരുന്നില്ല.

ലഹരിക്ക് അടിമയായ തലാലിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞു. മോഷണത്തിനും മറ്റും പലപ്രാവശ്യം ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ടെന്നും പലരില്‍ നിന്നും അറിഞ്ഞു. ഇതിനിടെ ക്ലിനിക്കിന്റെ വരുമാനം മുഴുവന്‍ തലാല്‍ എടുക്കാന്‍ തുടങ്ങിയപ്പോഴാണ് നിമിഷ ചോദ്യം ചെയ്യുന്നത്.

ഇതോടെ ക്ലിനിക്ക് നടത്തിപ്പ് അവതാളത്തിലായി. വഴക്ക് രൂക്ഷമായപ്പോള്‍ ക്ലിനിക്ക് മാനേജരോട് സംസാരിച്ചപ്പോള്‍ നിങ്ങള്‍ തമ്മില്‍ എന്തിനാണ് തര്‍ക്കം. രണ്ടു പേരും ഭാര്യയും ഭര്‍ത്താവുമല്ലേ, പണം ആരെടുത്താലും ഒരു വീട്ടിലേയ്ക്കല്ലേ ചെല്ലുന്നത് എന്നായിരുന്നു മറുപടി. കേരളത്തിലെത്തിയപ്പോള്‍ നിമിഷയുമായി വിവാഹം കഴിഞ്ഞു എന്നാണ് തലാല്‍ എല്ലാവരോടും പറഞ്ഞിരുന്നത്. തെളിവിനായി ചില ഫോട്ടോകള്‍ കാണിക്കുകയും ചെയ്തിരുന്നു.

ഭാര്യയാണെന്ന് എല്ലാവരോടും പറഞ്ഞതിനാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി നിമിഷ സനയില്‍ ലോക്കല്‍ പൊലീസിനെ സമീപിച്ച്‌ പരാതി കൊടുത്തു. വിവാഹത്തട്ടിപ്പ് പരാതിപ്പെട്ടതോടെ അവിടുത്തെ നിയമപ്രകാരം 16 ദിവസം രണ്ടു പേരും കസ്റ്റഡിയിലായി. ജയിലില്‍ കിടന്ന് മറ്റാരുടെയൊ സഹായത്തില്‍ തലാല്‍ വ്യാജ വിവാഹ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. കോടതിയില്‍ വിവാഹ ഫോട്ടോ എന്ന പേരില്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്ത് വച്ചതും കേരളയാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളും ഹാജരാക്കി. വിവാഹ സര്‍ട്ടിഫിക്കേറ്റു കാണിച്ചതോടെ കോടതിയും തെറ്റിദ്ധരിക്കപ്പെട്ടു. ഇതോടെ ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരാണ് എന്നായിരുന്നു കോടതി വിധി.

ഇതിനിടെ ഭര്‍ത്താവിനെ വിളിച്ച്‌ കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചെങ്കിലും തലാല്‍ സമ്മതിച്ചിരുന്നില്ല.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ തലാലിന്റെ ബന്ധുക്കളോട് സത്യാവസ്ഥ പറഞ്ഞെങ്കിലും അവരും വിശ്വസിച്ചില്ല. അവര്‍ നിര്‍ബന്ധിച്ച്‌ വിവാഹച്ചടങ്ങ് പോലെ നടത്തുകയും കൂടെ താമസിക്കേണ്ടിയും വന്നു. പിന്നീട് നമിഷയ്ക്ക മാാനസികമായും ശാരീരികമായും പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നത്. സുഹൃത്തുക്കളെ വിളിച്ചു വരുത്തി അവരോടൊപ്പം കൂട്ടമായി ശരീരം പങ്കുവയ്ക്കുന്നതിനും നിര്‍ബന്ധിച്ചു.

പലപ്പോഴും റൂമില്‍ നിന്നും ഇറങ്ങിയോടി രക്ഷപെടുകയാണ് ചെയ്തിരുന്നത്. ഇതിനിടയിലാണ് രണ്ട് സുഹൃത്തുക്കള്‍ സഹായിക്കാമെന്ന് പറഞ്ഞ് രംഗത്ത് വന്നത്. ഡിവോഴ്സിന് സമ്മതിപ്പിച്ച്‌ ഭാര്യയല്ലെന്ന് എഴുതി വാങ്ങുകയും പാസ്പോര്‍ട് തിരികെ വാങ്ങാനുമായി തലാലിനെ അനസ്ത്യേഷ്യ നല്‍കി ബോധം കെടുത്തി നല്‍കിയാല്‍ വാഹനവുമായി വന്ന് എവിടെ എങ്കിലും കൊണ്ടു പോയി ദേഹോപദ്രവം ഏല്‍പിച്ചും ഭീഷണിപ്പെടുത്തിയും നേടിയെടുക്കാമെന്നും സുഹൃത്ത് പറഞ്ഞു. ഇതിനായി ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഹനാന്‍ എന്ന നഴ്സ് യുവതിയും സഹായിക്കാന്‍ രംഗത്ത് വന്നു. എന്നാല്‍ അനസ്ത്യേഷ്യ നല്‍കുന്നതിനിടയില്‍ തലാല്‍ മരിക്കുകയായിരുന്നു.

പിന്നീട് മൃതദേഹം ഒളിപ്പിക്കാനായി വെട്ടിമുറുക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. ഇതിന് ശേഷം അവിടെ നിന്നും വിട്ട് മാരിപ്പ് എന്ന സ്ഥലത്തെത്തി ഒരു മാസം ഒളിവില്‍ താമസിച്ചു. വൈകാതെ തന്നെ ഹനാന്‍ അറസ്റ്റിലായിരുന്നു.

സനായിലെ ജയിലിലാണ് നിമിഷ ഇപ്പോള്‍. മോചനത്തിന് കോടതിയുടെ അനുകൂല തീരുമാനം കൂടി വേണ്ടിവരും. മോചനം സാധ്യമായില്ലെങ്കിലും വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കാനാണ് ശ്രമം. വധശിക്ഷ അപ്പീല്‍ കോടതി നേരത്തെ ശരിവച്ചിരുന്നു.

ബ്ലഡ് മണി നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനും ശ്രമം നടന്നിരുന്നു. ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നിമിഷപ്രിയ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു.