‘മലയാളത്താൻ പട്ടി’ എന്ന മനോഹര ഗ്രാമം ; 20 മലയാളി കുടുംബങ്ങള്‍ ; മധുരയില്‍ നിന്ന് മേളൂർ വഴി ഒരു യാത്ര ചെയ്യാം മലയാളത്തനിമ പേറുന്ന തമിഴകത്തിന്റെ സുന്ദര ഗ്രാമത്തിലേക്ക്
‘മലയാളത്താൻ പട്ടി’ എന്ന മനോഹര ഗ്രാമം. പേര് കേള്‍ക്കുമ്ബോള്‍ അല്പം ആശ്ചര്യം തോന്നുമെങ്കിലും ഈ ഗ്രാമത്തിന് മലയാളികളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമ്മള് സംശയിക്കും. എന്നാല്‍ ഇവിടെ ഇപ്പോഴും മലയാളികള്‍ താമസിക്കുന്നുണ്ട് എന്നതാണ് സത്യം.
ശരിക്കും ഒരു മലയാളി ഗ്രാമം തന്നെയായിരുന്ന ഇവിടെ ഇപ്പോള്‍ താമസിക്കുന്നത് 20 മലയാളി കുടുംബങ്ങള്‍ മാത്രമാണ്. മധുരയില്‍ നിന്നും മേളൂർക്ക് പോകുന്ന വഴിയില്‍ ഹൈവേക്ക് അരികിലായി മലയാളികള്‍ക്ക് പോലും അത്ര പരിചിതമല്ലാത്ത ഒരു മലയാളി ഗ്രാമം
ഈ ഗ്രാമങ്ങളിലെ മലയാളി കുടുംബങ്ങളുടെ വേരുകള്‍ അത്രയും പട്ടാമ്ബിയിലും ചെറുപ്പുളശ്ശേരിയിലും ചിറ്റൂരിലും ഒക്കെയാണ്. ഇവിടെ മലയാളികള്‍ എത്തിയതിന് പിന്നിലും ഇവിടം മലയാളി ഗ്രാമമായതിന് പിന്നിലും രസകരമായ ഒരു കഥയുണ്ട്. കേരളത്തില്‍ നിന്നും രാമേശ്വരത്തേക്ക് പോയ കേളുണ്ണിനായർ മധുരയ്ക്ക് സമീപമുള്ള മനോഹരമായ ഭൂമി കണ്ടപ്പോള്‍ അവിടെ കൃഷി ഇറക്കാൻ ആഗ്രഹിച്ചു. അങ്ങനെ 150 ഏക്കറോളം ഭൂമി ലേലത്തില്‍ വാങ്ങി തന്റെ സുഹൃത്തായ ശങ്കരൻ നായരെയും കൂട്ടി കാടുപിടിച്ചു കിടന്ന സ്ഥലം കഷ്ടപ്പെട്ട് വെട്ടിത്തെളിച്ച് അവിടെ കൃഷിയിറക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്ങനെ കേളുണ്ണിനായരുയുടെയും ശങ്കരൻ നായരുടെരുടെയും ഇഷ്ടഭൂമിയായ ഇവിടം മലയാളി ഗ്രാമമായി അതിനവർ ‘മലയാളത്താൻപട്ടി’ എന്ന പേരുമിട്ടു. കേളുണ്ണിനായരുടെ മരണശേഷം കുടുംബം അവിടം വിട്ടു പോയെങ്കിലും തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ ഭൂമിയില്‍ നിന്നും തിരികെ പോരാൻ ശങ്കരൻ നായരുടെ മനസ് അനുവദിച്ചില്ല. അങ്ങനെ അയാള്‍ ഓർമ്മകളുമായി അവിടെതന്നെ തുടർന്നു. അദ്ദേഹത്തിന്റെ നാലാമത്തെ തലമുറയാണ് ഇപ്പോള്‍ ഈ മലയാളി ഗ്രാമത്തില്‍ ഉള്ളത്. ഇവിടെയുള്ള മിക്കവരുടെയും ഉപജീവനമാർഗ്ഗം കൃഷിയും കാലി വളർത്തലും തന്നെയാണ്.