ഈരയിൽക്കടവ് റോഡിൽ അപകടമൊരുക്കി മനോരമയുടെ അനധികൃത പാർക്കിംഗ്: വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് കാൽനടക്കാർക്ക് നടക്കാനുള്ള വഴിയിൽ; ബസേലിയസ് കോളേജ് മുതൽ ഈരയിൽക്കടവ് വരെയുള്ള റോഡിൽ പാർക്ക് ചെയ്യുന്നത് മനോരമ ജീവനക്കാർ

ഈരയിൽക്കടവ് റോഡിൽ അപകടമൊരുക്കി മനോരമയുടെ അനധികൃത പാർക്കിംഗ്: വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് കാൽനടക്കാർക്ക് നടക്കാനുള്ള വഴിയിൽ; ബസേലിയസ് കോളേജ് മുതൽ ഈരയിൽക്കടവ് വരെയുള്ള റോഡിൽ പാർക്ക് ചെയ്യുന്നത് മനോരമ ജീവനക്കാർ

സ്വന്തം ലേഖകൻ

കോട്ടയം: ഈരയിൽക്കടവ് റോഡിൽ അപകടക്കെണിയൊരുക്കി മലയാള മനോരമയുടെ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്. ബസേലിയസ് കോളേജ് മുതൽ ഈരയിൽക്കടവ് ജംഗ്ഷൻ വരെയുള്ള റോഡിൽ ഫുട്പാത്ത് കയ്യേറി, വളവിൽ അപകടകരമായ രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിൽ ഏറെയും മലയാള മനോരമ ജീവനക്കാരാണ്. മലയാള മനോരമയുടെ അധികാരത്തെ ഭയന്ന് ജില്ലാ പൊലീസ് മേധാവിമാരായി കാലങ്ങളായി വന്നു പോയവരിൽ ഒരാൾ പോലും ഈ അനധികൃത പാർക്കിംഗിനെതിരെ ചെറുവിരൽ പോലും അനക്കുന്നില്ല. പ്രസ് സ്റ്റിക്കർ ഒട്ടിച്ച മാധ്യമ പ്രവർത്തകന്റെ വാഹനം പോലും കാൽനടക്കാർക്ക് നടക്കാനുള്ള റോഡിൽ പാർക്ക് ചെയ്തിരിക്കുന്നത് തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ച വീഡിയോയിൽ വ്യക്തമായി കാണാം.


ഈരയിൽക്കടവ് റോഡിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം മലയാള മനോരമയുടെ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് ആണെന്ന കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് തേർഡ് ഐ ന്യൂസ് ലൈവിന്റെ വായനക്കാരിൽ ഒരാളാണ് ഇവിടെ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന മലയാള മനോരമയുടെ വാഹനങ്ങളുടെ വീഡിയോ എടുത്ത ശേഷം, പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട തേർഡ് ഐ ന്യൂസ് ലൈവിന് അയച്ചു നൽകിയത്. ഇതേ തുടർന്ന് തേർഡ് ഐ ന്യൂസ് ലൈവ് സംഘം സ്ഥലത്ത് എത്തി വീഡിയോയിലെ വാഹനങ്ങൾ ഇവിടെ തന്നെയാണ് പാർക്ക് ചെയ്തിരിക്കുന്നത് എന്ന് ഉറപ്പ് വരുത്തിയ ശേഷം വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്റെ ഫെയ്‌സ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചു. വാർത്ത പ്രസിദ്ധീകരിച്ചതിനു ശേഷം വിവിധ കോണുകളിൽ നിന്ന് മികച്ച പ്രതികരണമാണ് തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


എം.ഡി സ്‌കൂളിലേയ്ക്കും, വിദ്യാധിരാജ സ്‌കൂളിലേയ്ക്കുമുള്ള നിരവധി കുട്ടികളാണ് ഈ വഴിയിലൂടെ നടന്നു പോകുന്നത്. റോഡിന്റെ പകുതിയും അപഹരിച്ചാണ് ഒരു വശത്ത് വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്. സ്‌കൂൾ തുറന്ന് കഴിയുമ്പോൾ നൂറുകണക്കിന് കുട്ടികളാണ് സ്‌കൂളിലേയ്ക്ക് പോകുന്നതിന് ഈ വഴിയെ ആശ്രയിക്കുന്നത്. എന്നാൽ, കുട്ടികൾക്ക് നടന്നു പോകുന്നതിനു സാധിക്കാത്ത രീതിയിലാണ് ഈ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. ഇത് ഗുരുതരമായ അപകടത്തിന് ഇടയാക്കും. ഈരയിൽക്കടവ് റോഡിലെ വളവിൽ പോലും അപകടകരമായ രീതിയിൽ വാഹനങ്ങൾ മലയാള മനോരമ ജീവനക്കാർക്ക് പാർക്ക് ചെയ്തിട്ടുണ്ട്. കേരളത്തിനു മുഴുവൻ വഴികാട്ടുന്നു എന്ന് അവകാശപ്പെടുന്ന മലയാള മനോരമയുടെ ജീവനക്കാർ തന്നെയാണ് ഇവിടെ വഴിമുടക്കികകളാകുന്നത്.