ഉത്സവ പെരുന്നാൾ സീസണുകളിൽ കേരളത്തിലേക്കെത്തും; താമസം ഭർത്താവിനൊപ്പം ഏറ്റുമാനൂരിൽ വാടകയ്ക്ക്; കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മേക്കപ്പ് ഈശ്വരി ഇതുവരെ കട്ടത് മൂന്ന് പേരുടെ മാല; കെ എസ് ആർ ടി സി ഡ്രൈവറുടെ ഇടപെടലിൽ പൊളിഞ്ഞത് കുപ്രസിദ്ധ കുറ്റവാളിയുടെ കവർച്ചാതന്ത്രം
സ്വന്തം ലേഖകൻ
പാലാ: പെരുന്നാളുകളുടെ കാലം ആകുമ്പോഴേക്കും കച്ചവടക്കാരെപോലെ കേരളത്തിലേക്ക് അധികവും എത്തുന്നത് കൊടും കുറ്റവാളികളും മാല മോഷ്ട്ടാക്കളും ആണ്.
തിരക്കേറിയ സ്ഥലങ്ങളിൽ വിദഗ്ദമായി മാല കവരുന്ന തമിഴ് നാട്ടുകാരിയായ കുപ്രസിദ്ധ മോഷ്ടാവ് മേക്കപ്പ് ഈശ്വരി പാലാ പോലീസിൻ്റെ പിടിയിൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മധുര മുത്ത് പെട്ടി സ്വദേശിനിയായ മേക്കപ്പ് ഈശ്വരി (42) സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കവർച്ച നടത്തിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.അടിപൊളി മേക്കപ്പ് അണിഞ്ഞ് മാത്രം പുറത്തിറങ്ങുന്നതിനാലാണ് മേക്കപ്പ് ഈശ്വരി എന്ന് വിളിക്കുന്നത്.
പള്ളിയിലോ ക്ഷേത്രത്തിലോ എത്തിയാൽ തീവ്ര ഭക്തയായി അഭിനയിക്കാനും മിടുക്കിയാണ്. കോവിഡിൻ്റെ ഇടവേളയ്ക്ക് ശേഷം ഒന്നരമാസം മുമ്പ് കേരളത്തിലേക്ക് വന്ന ഈശ്വരി ഇതിനകം പത്ത് പവനോളം ആഭരണങ്ങൾ കവർന്നതായാണ് സൂചനയെന്ന് പാലാ സി.ഐ കെ.പി ടോംസൻ, എസ്.ഐ എം.ഡി അഭിലാഷ് എന്നിവർ പറഞ്ഞു.
ഇന്നലെ ഏറ്റുമാനൂർ പാലാ റൂട്ടിൽ ബസ് യാത്രികയുടെ രണ്ടര പവൻ മാല കവർന്ന കേസിലാണ് അറസ്റ്റിലായത്.ഏറ്റുമാനൂർ സ്വദേശിയായ ചിന്നമ്മയുടെ മാലയാണ് മോഷണം പോയത്. ചിന്നമ്മയും മകൾ ഷേർലിയും അയൽവാസികളായ സിജ, വത്സമ്മ എന്നിവർ അരുവിത്തുറ പള്ളിയിൽ പോകുന്നതിനായി കോട്ടയം തൊടുപുഴ കെ.എസ്.ആർ ടി.സി ബസിൽ കയറി. ബസിൽ ഉണ്ടായിരുന്ന ഈശ്വരി ചിന്നമ്മയെ അടുത്ത സീറ്റിൽ വിളിച്ചിരുത്തി. ചേർപ്പുങ്കലേക്ക് ടിക്കറ്റെടുത്തിരുന്ന ഈശ്വരി ചേർപ്പുങ്കലെത്തിയപ്പോൾ വീണ്ടും പാലായിലേക്ക് ടിക്കറ്റെടുത്തു.ഇത് കെ.എസ്.ആർ.ടി.സി ഡ്രൈവർ ഷാജിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ബസ് പാലാ സ്റ്റാൻറിലെത്തിയപ്പോൾ ഈശ്വരി തിരക്കിട്ട് ആദ്യമെ ഇറങ്ങി. സംശയം തോന്നിയ ഡ്രൈവർ ഷാജി ചിന്നമ്മയോട് വല്ലതും നഷ്ടപ്പെട്ടൊ എന്ന് ചോദിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ടത് മനസിലാക്കിയത. ഇതിനിടെ ഈശ്വരി കോട്ടയത്തേക്കുള്ള ബസിൽ കയറിയിരുന്നു. പിന്നാലെ ഓട്ടോറിക്ഷയിൽ ചിന്നമ്മയും മൂന്ന് പേരും പാലാ ടൗൺ ബസ് സ്റ്റാൻഡിലെത്തി ബസ് നിർത്തിച്ച് പരിശോധിച്ചപ്പോൾ കവർച്ചക്കാരിയെ കണ്ടെത്തി.മാല ബസിലിട്ട് രക്ഷപെടാൻ ഈശ്വരി ശ്രമിച്ചെങ്കിലും സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസെത്തി ഉടൻ കസ്റ്റടിയിലെടുത്തു.
ഉത്സവ പെരുന്നാൾ സീസണുകളിൽ കേരളത്തിലേക്കെത്തുന്ന ഈശ്വരി ഇതിനകം വൈക്കം ,തലയോലപറമ്പ് ,കോട്ടയം ഭാഗങ്ങളിൽ നിന്നായി മൂന്ന് പേരുടെ മാല മോഷ്ടിച്ചതായി തെളിഞ്ഞു. ഭർത്താവ് മൂർത്തിയോടൊപ്പം ഏറ്റുമാനൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഈശ്വരിയെ പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.