play-sharp-fill
കേരളത്തില്‍ 100 തിയേറ്ററുകളില്‍ റിലീസ് 96 ന് ശേഷം ‘മെയ്യഴകൻ’

കേരളത്തില്‍ 100 തിയേറ്ററുകളില്‍ റിലീസ് 96 ന് ശേഷം ‘മെയ്യഴകൻ’

മസാലക്കൂട്ടുകളേതുമില്ലാതെ ഭാഷ ദേശ ഭേദങ്ങളില്ലാതെ സിനിമാപ്രേമികളുടെ മനസ്സ് കീഴടക്കിയ 96 എന്ന പ്രണയ കാവ്യത്തിന് ശേഷം സി.വി.പ്രേംകുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മെയ്യഴകൻ നാളെ (വെള്ളിയാഴ്ച്ച) ലോക വ്യാപകമായി പ്രദർശനത്തിനെത്തുന്നു.

ഒന്നിക്കാനാവാതെ പോയ കമിതാക്കള്‍ കാലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും അവർക്കിടയില്‍ പറയാതെ പോയ പ്രണയമുയർത്തിയ ഹൃദയവ്യഥയുമാണ് 96 ല്‍ പ്രേംകുമാർ ആവിഷ്ക്കരിച്ചതെങ്കില്‍ മെയ്യഴകൻ അപൂർവ്വ ചാരുതയുള്ള സൗഹൃദത്തിൻ്റെ കഥയാണ് പറയുന്നത്.

മെയ്യഴകൻ ഒരു നോവലായി ഒരുക്കാനായിരുന്നു പ്രേംകുമാർ ആദ്യം തീരുമാനിച്ചത്. നോവലിൻ്റെ കയ്യെഴുത്തു പ്രതി തൻ്റെ ആത്മ സ്നേഹിതനായ സംവിധായകൻ മഹേഷ് നാരായണനാണ് പ്രേംകുമാർ ആദ്യം വായിക്കാൻ നല്കിയത്. ഇത് നോവലില്‍ ഒതുക്കേണ്ട പ്രമേയമല്ല സിനിമയ്ക്കാണ് കൂടുതല്‍ അനുയോജ്യമാകുകയെന്ന അഭിപ്രായമായിരുന്നു മഹേഷ് നാരായണന്. കയ്യെഴുത്ത് പ്രതി വായിച്ച വിജയ് സേതുപതിയും അതേ അഭിപ്രായം തന്നെ പറഞ്ഞതോടെയാണ് മെയ്യഴകൻ സിനിമയാക്കാൻ സി.വി. പ്രേംകുമാർ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നായകന്മാരായി കാർത്തിയെയും അരവിന്ദ് സ്വാമിയെയും തീരുമാനിച്ചു. സൂര്യയുടെയും ജ്യോതികയുടെയും 2 ഡി എൻ്റർടെയ്ൻമെൻ്റ് സ് നിർമ്മാണച്ചുമതല ഏറ്റെടുക്കുക കൂടി ചെയ്തതോടെ അനൗണ്‍സ് ചെയ്യപ്പെട്ട നാള്‍ മുതല്‍ തമിഴകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി മെയ്യഴകൻ മാറി.വരുത്തപ്പെടാത്ത വാലി ബർ സംഘം എന്ന ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയയായ ശ്രീദിവ്യയാണ് നായിക. സ്വാതി, ദേവദർശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവവരശു,കരുണാകരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍ . ചെന്നൈയില്‍ കഴിഞ്ഞയാഴ്ച്ച നടന്ന മെയ്യഴകൻ്റെ പ്രീവ്യൂ കണ്ടവരെല്ലാം ” ഒരു മലയാള സിനിമ പോലെ മനോഹരമായിരിക്കുന്നു” വെന്നാണത്രെ അഭിപ്രായപ്പെട്ടത്.

വിജയ് സേതുപതി നായകനായി അഭിനയിച്ച ചിത്രങ്ങളിലെ ഏറ്റവും വലിയ വിജയമായ മഹാരാജ കേരളത്തിലെത്തിച്ച എ.വി മീഡിയയും ശ്രീപ്രിയ കമ്ബയിൻസും ചേർന്നാണ് മെയ്യഴകനും കേരളത്തിലെത്തിക്കുന്നത്. കേരളത്തില്‍ മാത്രം നൂറിലേറെ തിയേറ്ററുകളില്‍ മെയ്യഴകൻ റിലീസ് ചെയ്യുമെന്ന് വിതരണക്കാർ അറിയിച്ചു. 96 എന്ന ചിത്രത്തിൻ്റെ ആത്മാവായ സംഗീതമൊരുക്കിയ മലയാളിയായ ഗോവിന്ദ് വസന്തയാണ് മെയ്യഴകൻ്റെയും സംഗീതമൊരുക്കുന്നത്. കോ പ്രൊഡ്യൂസർ : രാജശേഖർ കർപ്പൂര സുന്ദര പാണ്ഡ്യൻ, ഡയറക്ടർ ഒഫ് ഫോട്ടോഗ്രഫി : മഹേന്ദ്രൻ ജയരാജ്, എഡിറ്റർ കെ. ഗോവിന്ദരാജ്, പ്രൊഡക്ഷൻ ഡിസൈനർ : രാജീവൻ, ആർട്ട് ഡയറക്ടർ:എസ്. അയ്യപ്പൻ. കോ ഡയറക്ടേഴ്സ്- കണ്ണൻ സുന്ദരം, എൻ. അരവിന്ദൻ. ഗാനങ്ങള്‍ – കാർത്തിക് നേതാ, ഉമാ ദേവി.