മജിസ്ട്രേറ്റിനോടും വിജിലൻസ് സിഐയോടും അമിതകൂലി വാങ്ങി: നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് മൂക്ക് കയറിടാൻ കടിഞ്ഞാണെടുത്ത് കളക്ടർ: രാജു നാരായണ സ്വാമിയും അൽഫോൺസ് കണ്ണന്താനവും തോറ്റിടത്ത് വിജയിക്കാൻ സുധീർ ബാബു

മജിസ്ട്രേറ്റിനോടും വിജിലൻസ് സിഐയോടും അമിതകൂലി വാങ്ങി: നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് മൂക്ക് കയറിടാൻ കടിഞ്ഞാണെടുത്ത് കളക്ടർ: രാജു നാരായണ സ്വാമിയും അൽഫോൺസ് കണ്ണന്താനവും തോറ്റിടത്ത് വിജയിക്കാൻ സുധീർ ബാബു

സ്വന്തം ലേഖകൻ

കോട്ടയം: മീറ്ററിടാതെ തോന്നും പടി സർവീസ് നടത്തി അമിത കൂലി വാങ്ങുന്ന ഓട്ടോ ഡ്രൈവർമാർക്ക് മൂക്ക് കയറിടാൻ കടിഞ്ഞാൺ കയ്യിലെടുത്ത് ജില്ലാ കളക്ടർ പി.കെ സുധീർ ബാബു. സാധാരണക്കാരുടെ രക്തം ഊറ്റിപ്പിഴിഞ്ഞെടുത്ത് അമിത കൂലി വാങ്ങി ശീലിച്ച ഓട്ടോ ഡ്രൈവർമാർ ഒടുവിൽ മജിസ്ട്രേറ്റിനോടും അമിത കൂലി വാങ്ങി. ഇതോടെയാണ് സെപ്റ്റംബർ ഒന്ന് മുതൽ നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
റെയിൽവേ സ്റ്റേഷനിൽ നിന്നും കോടതിയിലേയ്ക്ക് പോകുന്നതിനായി എത്തിയ മജിസ്ട്രേറ്റിനോടാണ് ഓട്ടോ ഡ്രൈവർമാർ അമിത കൂലി വാങ്ങിയത്. ഇത് കൂടാതെ, വ്യാഴാഴ്ച രാവിലെ പുളിമൂട് ജംഗ്ഷനിൽ നിന്നും ഭാരത് ആശുപത്രി വരെ എത്തുന്നതിന് വിജിലൻസ് സി ഐയോട്  ഓട്ടോ ഡ്രൈവർമാർ  അൻപത് രൂപയാണ് കൂലി ആവശ്യപ്പെട്ടത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്ന സി ഐ യുടെ കയ്യിൽ നിന്നാണ് ഓട്ടോ ഡ്രൈവർമാർ അമിത കൂലി ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് ചോദ്യം ചെയ്തിട്ടും ഓട്ടോ ഡ്രൈവർമാർ വഴങ്ങിയില്ല. തുടർന്ന് ഇദേഹം ഒന്നര കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കുനതിന് 25 രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന കൂലി എന്ന് പറഞ്ഞ് ചോദ്യം ചെയ്തു. തുടർന്ന് ഓട്ടോ ഡ്രൈവർ 25 രൂപയും വാങ്ങി സ്ഥലം വിട്ടു.

മജിസ്ട്രേറ്റിന്റെ പരാതിയും പിന്നാലെ സാധാരണക്കാരുടെ പരാതികളുടെ കൂമ്പാരം കൂടി എത്തിയതോടെയാണ് ജില്ലാ കളക്ടർ ഓട്ടോക്കാരുടെ കടിഞ്ഞാൺ ഏറ്റെടുത്തത്. ഇതേ തുടർന്ന് റോഡ് സുരക്ഷാ അതോറിറ്റി യോഗം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേരുകയായിരുന്നു. തുടർന്നാണ് ഇവർ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കാൻ തീരുമാനിച്ചത്.
മീറ്റർ ഇല്ലാതെ ഓട്ടോറിക്ഷകൾ അമിത നിരക്ക് ഈടാക്കുന്നു എന്ന പരാതികളെത്തുടർന്നാണ് നടപടിയെന്ന് കലക്ടർ പി.കെ. സുധീർ ബാബു പറഞ്ഞു. റോഡ് സുരക്ഷാ അതോറിറ്റി യോഗത്തിന് പിന്നാലെ കളക്ടർ തൊഴിലാളി യൂണിയൻ നേതാക്കളുമായി ചർച്ചയും നടത്തിയിരുന്നു. ഈ ചർച്ചയിലാണ് സെപ്റ്റംബർ ഒന്ന് മുതൽ മീറ്റർ നിർബന്ധമാക്കാൻ ധാരണയായത്. ട്രാൻസ്പോർട്ട് കമ്മിഷണറുടെ 2018 ഡിസംബർ 11ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു മീറ്റർ നിർബന്ധമാക്കുന്നത്. സെപ്റ്റംബർ ഒന്നിനുശേഷം മീറ്റർ ഇല്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് എതിരെ നടപടി സ്വീകരിക്കും.
നേരത്തെ അൽഫോൺസ് കണ്ണന്താനവും രാജു നാരായണ സ്വാമിയും അടക്കമുള്ളവർ ജില്ലാ കളക്ടർ ആയിരിക്കെ നഗരത്തിലെ ഓട്ടോ ഡൈവർമാർക്ക് മീറ്റർ നിർബന്ധമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഓട്ടോ ഡ്രൈവർമാരുടെ യൂണിയന്റെ പ്രതിഷേധത്തെ തുടർന്ന് മീറ്റർ ഘടിപ്പിക്കുന്നത് നടപ്പിലാക്കാതെ പോകുകയായിരുന്നു. എന്നാൽ, പൊലീസ് ഇടപെട്ട് റെയിൽവേ സ്റ്റേഷനിലും നാഗമ്പടം ബസ് സ്റ്റാൻഡിലും ഓട്ടോ പ്രീപെയ്ഡ് കൗണ്ടർ സ്ഥാപിച്ചിരുന്നു. എന്നാൽ , ഓട്ടോ ഡ്രൈവർമാർ തന്നെ ചേർന്ന് ഈ പ്രീപെയ്ഡ് കൗണ്ടർ പൊളിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group