ശ്വാസകോശ അര്‍ബുദം ഇനി അതിവേഗം കണ്ടെത്താം; നൂതന യന്ത്രങ്ങള്‍ ഇനി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും; മെഷീനുകൾ സ്ഥാപിക്കാന്‍ 1.10 കോടി രൂപ അനുവദിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: ശ്വാസകോശ അര്‍ബുദം അതിവേഗം കണ്ടെത്താനാകുന്ന നൂതന യന്ത്രങ്ങള്‍ ഇനി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും.
ലീനിയര്‍ എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് (ലീനിയര്‍ ഇബസ്), റേഡിയല്‍ എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് എന്നിങ്ങനെ രണ്ട് മെഷീന്‍ സ്ഥാപിക്കാന്‍ 1.10 കോടി രൂപ അനുവദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്വാസകോശ അര്‍ബുദം വളരെ നേരത്തെ കണ്ടുപിടിക്കാന്‍ കഴിയുന്ന ഈ നൂതന മെഷീനുകള്‍ പള്‍മണോളജി വിഭാഗത്തിലാണ് സ്ഥാപിക്കുക. ഇതോടെ, സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനു പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഈ സംവിധാനം യാഥാര്‍ഥ്യമാകും.
അതിനാല്‍ ആര്‍സിസിയിലെ രോഗികള്‍ക്കും ഇത് സഹായകരമാകും. പള്‍മണോളജി വിഭാഗത്തില്‍ ഡിഎം കോഴ്‌സ് ആരംഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
ശ്വാസനാള പരിധിയിലുള്ള അര്‍ബുദം കണ്ടെത്താന്‍ ഏറെ സഹായിക്കുന്നതാണ് ഈ ഉപകരണങ്ങള്‍. അള്‍ട്രാസൗണ്ട് സംവിധാനത്തിലൂടെ മറ്റ് പരിശോധനകളില്‍ കണ്ടെത്താനാകാത്ത അതിസൂക്ഷ്മമായ അര്‍ബുദം പോലും കണ്ടെത്താം.
റേഡിയല്‍ ഇബസ് മെഷീനിലൂടെ ഒരു സെന്റിമീറ്റര്‍ വലിപ്പമുള്ള ശ്വാസകോശ അര്‍ബുദം വരെ കണ്ടെത്താനാകും. തൊണ്ടയിലെ അര്‍ബുദം ശ്വാസനാളത്തില്‍ പടര്‍ന്നിട്ടുണ്ടോയെന്നതും വേഗത്തിലറിയാം. അര്‍ബുദ വ്യാപ്തി കൃത്യമായി കണക്കാക്കുന്നതിലൂടെ ശസ്‌ത്രക്രിയ വേണോ കീമോതെറാപ്പി വേണോ എന്നും തീരുമാനിക്കാനാകും.
സ്വകാര്യ സ്ഥാപനങ്ങളില്‍ 50,000ത്തോളം രൂപ ചെലവുവരുന്ന ഈ സംവിധാനം മെഡിക്കല്‍ കോളേജില്‍ യാഥാര്‍ഥ്യമാകുന്നത് നിര്‍ധനരോഗികള്‍ക്ക് ഗുണകരമാകും.