play-sharp-fill
ജപ്തി ഭീഷണി ഒഴിവായി, വായ്പ തുക അടച്ചു തീർത്ത് ലുലു ഗ്രൂപ്പ്; കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിൽ ദമ്പതികൾ

ജപ്തി ഭീഷണി ഒഴിവായി, വായ്പ തുക അടച്ചു തീർത്ത് ലുലു ഗ്രൂപ്പ്; കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിൽ ദമ്പതികൾ

സ്വന്തം ലേഖകൻ

കാഞ്ഞിരമറ്റം: എംഎ യൂസഫലിയുടെ ഇടപെടലിൽ ആമിനയുടെ വീടിന്റെ ജപ്തി ഭീഷണി ഒഴിവായി. ചൊവ്വാഴ്ച ലുലു ഗ്രൂപ്പ് അധികൃതർ കീച്ചേരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു പലിശ അടക്കം 3,81,160 രൂപ അടച്ച് വായ്പ തീർത്തു.

പിന്നാലെ ആമിനയുടെ വീട്ടിലെത്തിയ അധികൃതർ 50,000 രൂപയും ബാങ്കിൽ പണം അടച്ചതിന്റെ രസീതും കൈമാറി.
തൊഴിലുറപ്പ് ജോലിക്കിടയില്‍ ആരോ കാണാന്‍ വന്നിരിക്കുന്നതറിഞ്ഞ് വീടിന് സമീപത്തേക്ക് ആമിന ഉമ്മയും ഭര്‍ത്താവ് സെയ്ദ് മുഹമ്മദും ഓടിയെത്തി. ചെളി പുരണ്ട വസ്ത്രം പോലും മാറാതെ, എത്തിയവരോട് കാര്യമെന്തെന്ന് ആമിന തിരക്കി. ലുലു ഗ്രൂപ്പിലെ ജീവനക്കാരെന്ന് അറിയിച്ചപ്പോഴും ഒന്നും മനസ്സിലാകാതെ ആമിന നിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂസഫലി ഉറപ്പ് നല്‍കിയതനുസരിച്ച്‌ കീച്ചേരി സര്‍വിസ് സഹകരണ ബാങ്കില്‍ വായ്പയും കുടിശ്ശികയുമായി അടയ്ക്കാനുണ്ടായിരുന്ന 3,81,160 രൂപ അടച്ച്‌ തീര്‍ത്തതായി ജീവനക്കാര്‍ ആമിനയോട് പറഞ്ഞു. വായ്പ അടവും പലിശയും ബാങ്കില്‍ കെട്ടിവെച്ചതിന്‍റെ രസീതും ലുലു ഗ്രൂപ്പ് മീഡിയ കോഓഡിനേറ്റര്‍ എന്‍.ബി. സ്വരാജ് ആമിനയുടെ കൈകളില്‍ ഏല്‍പ്പിച്ചു.

ഒരു നിമിഷം ആശ്ചര്യപ്പെട്ട് നിന്ന ആമിനയുടെ കണ്ണുകള്‍ നിറഞ്ഞു. സങ്കടം വൈകാതെ പുഞ്ചിരിക്ക് വഴിമാറി. ജപ്തി ഭീഷണി നീങ്ങിയത് സത്യമെന്ന് ബോധ്യപ്പെട്ടതോടെ വാക്ക് പാലിച്ച യൂസഫലിക്ക് ഹൃദയത്തിന്‍റെ ഭാഷയില്‍ ആമിന നന്ദി പറഞ്ഞു.

6 വർഷം മുൻപ് ഇളയ മകളുടെ വിവാഹത്തിനായാണ് വീടിരുന്ന 9 സെന്റ് ഈടു വച്ച് ആമിനയും സെയ്ത് മുഹമ്മദും കീച്ചേരി സഹകരണ ബാങ്കിൽ നിന്നു 2 ലക്ഷം രൂപ വായ്പയെടുത്തത്.

അടുത്ത കാലം വരെ തങ്ങളുടെ വരുമാനത്തിൽ നിന്നും വായ്പ തിരിച്ചടച്ചുകൊണ്ടിരുന്നു. എന്നാൽ സെയ്ത് മുഹമ്മദ് അസുഖബാധിതനായതോടെ അടവ് മുടങ്ങി.

തിരിച്ചടവു മുടങ്ങി ബാങ്കിൽ നിന്നു ജപ്തി നോട്ടീസ് ലഭിച്ചതോടെ കുടുംബം എന്ത് ചെയ്യണം എന്നറിയാതെ നിന്നു. സെയ്ത് മുഹമ്മദിന്റെ ചികിത്സയ്ക്കായി ലേക‍്ഷോർ ആശുപത്രിയിൽ പോകാനായി നെട്ടൂരിലെ മൂത്ത മകളുടെ വീട്ടിലെത്തിയതാണ് ആമിന.

ഹെലികോപ്റ്റർ അപകടം ഉണ്ടായപ്പോൾ തന്നെ സഹായിച്ചവരെ കാണാൻ ഞായറാഴ്ച എംഎ യൂസഫലി എത്തിയതറിഞ്ഞ് മകളുടെ വീട്ടിൽ നിന്ന് ആമിന അവിടേക്ക് എത്തി.

വീട് സന്ദർശിച്ച് മടങ്ങിപ്പോകാനായി കാറിലേക്കു കയറുമ്പോഴാണ് ആമിന തന്റെ വിഷമം യൂസഫലിയോട് പറഞ്ഞത്. ആമിന കയ്യിലെ തുണ്ടുകടലാസിൽ കുറിച്ച സങ്കടവുമായി വിവരങ്ങൾ ചോദിച്ചറിഞ്ഞ യൂസഫലി ജപ്തി ചെയ്യില്ലെന്നും വേണ്ടത് ചെയ്യാമെന്നും ഉറപ്പു നൽകിയിരുന്നു.