play-sharp-fill
കടബാധ്യതയെ തുടര്‍ന്ന് പെരുവഴിയിലായ അമ്മയ്ക്കും മക്കള്‍ക്കും കൈത്താങ്ങായി ലുലു ഗ്രൂപ്പ് ; സ്വകാര്യധനകാര്യ സ്ഥാപനത്തിന് നല്‍കാനുള്ള മുഴുവന്‍ തുകയും അടയ്ക്കുമെന്ന് യൂസഫലി ; യൂസഫലിയുടെ ഇടപെടലോടെ വീട് ഈടുവെച്ചുള്ള വായ്പ തീര്‍ന്നതായി റിപ്പോര്‍ട്ട്

കടബാധ്യതയെ തുടര്‍ന്ന് പെരുവഴിയിലായ അമ്മയ്ക്കും മക്കള്‍ക്കും കൈത്താങ്ങായി ലുലു ഗ്രൂപ്പ് ; സ്വകാര്യധനകാര്യ സ്ഥാപനത്തിന് നല്‍കാനുള്ള മുഴുവന്‍ തുകയും അടയ്ക്കുമെന്ന് യൂസഫലി ; യൂസഫലിയുടെ ഇടപെടലോടെ വീട് ഈടുവെച്ചുള്ള വായ്പ തീര്‍ന്നതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകൻ

പറവൂര്‍: കടബാധ്യതയെ തുടര്‍ന്ന് സ്വകാര്യധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായ അമ്മയ്ക്കും മക്കള്‍ക്കും കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായാണ് പറവൂര്‍ സ്വദേശിനി സന്ധ്യ മണപ്പുറം ഫിനാന്‍സില്‍ നിന്ന് വായ്പയെടുത്തത്. എന്നാല്‍, തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനം ജപ്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സന്ധ്യയും മക്കളും വീട്ടില്‍ കയറാനാവാതെ പുറത്തുനില്‍ക്കുന്നത് വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് യൂസഫലി ധനസഹായവുമായി രംഗത്തെത്തിയത്. സന്ധ്യ, മണപ്പുറം ഫിനാന്‍സിന് നല്‍കാനുള്ള മുഴുവന്‍ തുകയും ലുലു ഗ്രൂപ്പ് അടയ്ക്കുമെന്നാണ് യൂസഫലി അറിയിച്ചിരിക്കുന്നത്. ഇക്കാര്യം യൂസഫലി നേരിട്ട് സന്ധ്യയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട് പണി പൂര്‍ത്തിയാക്കുന്നതിനായി എടുത്ത വായ്പയാണ് പലിശ ഉള്‍പ്പെടെ എട്ട് ലക്ഷം രൂപയായി പെരുകിയത്. രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ സന്ധ്യ രണ്ട് മക്കളുമായി താമസിച്ചിരുന്ന വീടാണ് ജപ്തി ഭീഷണി നേരിട്ടത്. പ്രതിമാസം ഒമ്പതിനായിരം രൂപയായിരുന്നു ഈ കുടുംബത്തിന്റെ വരുമാനം. എന്നാല്‍, വായ്പയുടെ തിരിച്ചടവ് മാത്രം 8000 രൂപയായതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. ഈ വായ്പ ഉള്‍പ്പെടെ 12 ലക്ഷം രൂപയുടെ ബാധ്യതയാണ് സന്ധ്യയ്ക്കുള്ളത്.

എന്നാല്‍, യൂസഫലിയുടെ ഇടപെടലോടെ വീട് ഈടുവെച്ചുള്ള വായ്പ തീര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന് രാത്രിയില്‍ തന്നെ വീട് തുറന്ന് നല്‍കുന്നതിനുള്ള നടപടി ധനകാര്യ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്.