ഒറ്റ ചാർജിൽ 190 കിലോമീറ്റർ; വില 1.10 ലക്ഷം മാത്രം; പുത്തൻ സ്കൂട്ടറുമായി ഒല

ഒറ്റ ചാർജിൽ 190 കിലോമീറ്റർ; വില 1.10 ലക്ഷം മാത്രം; പുത്തൻ സ്കൂട്ടറുമായി ഒല

കുറഞ്ഞ വിലയിൽ കൂടുതൽ റേഞ്ചുള്ള ഇ.വി സ്കൂട്ടർ അവതരിപ്പിച്ച്​ ഒല ഇലക്​ട്രിക്​. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ എസ്​ 1 എക്സ് ശ്രേണിയിലുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ഒല അവതരിപ്പിച്ചിരുന്നു. എസ്​ 1 എക്സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ 4 kWh വേരിയന്റ് ആണ്​ ഇപ്പോൾ പുറത്തിറക്കത്​. ഒലയുടെ എന്‍ട്രി ലെവല്‍ സ്‌കൂട്ടറായ എസ്​ 1 എക്സിന്‍റെ റേഞ്ച്​ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ്​ പുതിയ സ്കൂട്ടർ അവതരിപ്പിച്ചത്​. ഉയര്‍ന്ന റേഞ്ചുള്ള പുത്തന്‍ വേരിയന്റിനായുള്ള ബുക്കിങ്​ ഒല ആരംഭിച്ചു.കുറഞ്ഞ വിലയില്‍ കൂടുതല്‍ റേഞ്ച്കുറഞ്ഞ വിലയില്‍ കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് പുത്തന്‍ ലോഞ്ചിന്റെ പ്രധാന ഹൈലൈറ്റ്. പുതിയ എസ്​ 1 എക്സ് സ്‌കൂട്ടറിന്റെ 4 kWh വേരിയന്റ് ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 190 കിലോമീറ്റർ ദൂരമോടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഒലയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ S1 പ്രോ ജെന്‍2 ഇലക്ട്രിക് സ്‌കൂട്ടറിനേക്കാള്‍ വെറും 5 കിലോമീറ്റര്‍ മാത്രമാണ് റേഞ്ച് കുറവ്. എസ്​ 1 എക്സിന്റെ വിലയില്‍ S1 പ്രോയുടെ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നാണ് പുതിയ ഒലയെ വിശേഷിപ്പിക്കുന്നത്​. 4 kWh ബാറ്ററി പായ്ക്ക് എസ്​ 1 എക്സ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിരയിലെ ഏറ്റവും വലുതാണ്. 1.10 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം വാങ്ങാന്‍ സാധിക്കുക. എസ്​ 1 എക്സ് 3 kWh വേരിയന്റിനേക്കാള്‍ ഏകദേശം 20,000 രൂപ കൂടുതലാണിത്​. റേഞ്ചും വിലയും കുറവ് മതി എന്നുള്ളവര്‍ക്ക് ഒല എസ്​ 1 എക്സ് 2 kWh വേരിയന്റ് വാങ്ങാവുന്നതാണ്. 79,999 രൂപയാണ് ഈ വകഭേദത്തിന്റെ എക്‌സ്-ഷോറൂം വില.സ്‌റ്റൈലിങ്​, ഫീച്ചര്‍സ്‌റ്റൈലിങ്​, ഫീച്ചര്‍, വലിപ്പം എന്നീ കാര്യങ്ങളില്‍ മറ്റ് വേരിയന്റുകള്‍ക്ക് സമമാണ് എസ്​ 1 എക്സ് 4 kWh വേരിയന്റ്. ഭാരത്തിന്റെ കാര്യത്തില്‍ മാത്രമാണ് ചില്ലറ മാറ്റം. എസ്​ 1 എക്സ് 4 kWh വേരിയന്റിന് 112 കിലോഗ്രാമാണ് ഭാരം. അതായത് എസ്​ 1 എക്സ് 3 kWh വേരിയന്റിനേക്കാള്‍ ഇതിന് 4 കിലോഗ്രാം അധിക ഭാരമുണ്ട്. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 3.3 സെക്കന്‍ഡില്‍ വാഹനം പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് പരമാവധി വേഗത. 6 kW (8 bhp) പവര്‍ നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്സ് എന്നീ മൂന്ന് റൈഡിങ്​ മോഡുകളും വരുന്നുണ്ട്. ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ 6 മണിക്കൂര്‍ 30 മിനിറ്റ് എടുക്കും.വിതരണം ഏപ്രില്‍ മുതല്‍ഒല S1 X 2 kWh, 3 kWh, 4 kWh വേരിയന്റുകളുടെ വിതരണം 2024 ഏപ്രില്‍ മുതല്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതുകൂടാതെ S1 എയര്‍, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബാറ്ററി പായ്ക്കിന് 8 വര്‍ഷം/80,000 കിലോമീറ്റര്‍ വാറന്‍റിയും ഒല പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്​. പുതുതായി വാങ്ങുന്ന S1 ഇ-സ്‌കൂട്ടറുകള്‍ക്ക് അധിക മുടക്കില്ലാതെ ഈ വാറന്‍റി ലഭ്യമാകും. 5,000 രൂപയ്ക്ക് ഒരു ലക്ഷം കിലോമീറ്റര്‍ വിപുലീകൃത വാറന്‍റിയും നിര്‍മാതാവ് വാഗ്ദാനം ചെയ്യുന്നുണ്ട്. 12,500 രൂപ മുടക്കിയാല്‍ 1.25 ലക്ഷം കിലോമീറ്റര്‍ വിപുലീകൃത വാറന്‍റി ഓപ്ഷനും ഓഫര്‍ ചെയ്യുന്നു.

തങ്ങളുടെ സര്‍വീസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം നിലവിലുള്ള 400-ല്‍ നിന്ന് 600 ആയി വികസിപ്പിക്കാന്‍ പോകുകയാണെന്നും കമ്പനി പ്രഖ്യാപിച്ചു. 2024 ഏപ്രിലോടെ 10,000 ഫാസ്റ്റ് ചാര്‍ജറുകള്‍ കൂടി സ്ഥാപിക്കാനും കമ്പനി ലക്ഷ്യമിടുന്നു. നിലവില്‍ ഒലക്ക് 1000 ഫാസ്റ്റ് ചാര്‍ജിങ്​ സ്‌റ്റേഷനുകളാണുള്ളത്.